ഹയർസെക്കൻഡറി പ്രവേശനത്തിന് സീറ്റ് ക്ഷാമം നേരിടുന്ന നാല് ജില്ലകളിൽ അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ
ഹയർസെക്കൻഡറി പ്രവേശനത്തിന് സീറ്റ് ക്ഷാമം നേരിടുന്ന നാല് ജില്ലകളിൽ അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ. ഹയർസെക്കൻഡറി ബാച്ചുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയാണ് മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ അധിക ബാച്ച് അനുവദിക്കാൻ ശുപാർശ നൽകിയത്.
അധിക ബാച്ചില്ലെന്നും കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനഃക്രമീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും നേരത്തേ അധ്യാപക സംഘടനകളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. മുൻവർഷങ്ങളിൽ 30 ശതമാനം വരെ ആനുപാതിക സീറ്റ് വർധനയും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ താൽക്കാലിക ബാച്ചുകളും അനുവദിച്ചായിരുന്നു ഈ ജില്ലകളിൽ കൂടുതൽ സീറ്റ് ലഭ്യമാക്കിയിരുന്നത്.
നാല് ജില്ലകളിലും 10 ശതമാനം സീറ്റ് വർധന അനുവദിക്കാമെന്നും മറ്റു ജില്ലകളിൽ സീറ്റ് വർധന പാടില്ലെന്നും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. ഇതു പരിഗണിച്ചാൽ ബാച്ചിൽ പരമാവധി 55 വിദ്യാർഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.