‘ഹര്‍ ഘര്‍ തിരംഗ’ കുടുംബശ്രീ യൂണിറ്റുകളിലൂടെ കോഴിക്കോട് ജില്ലയില്‍ രണ്ടരലക്ഷത്തോളം ത്രിവര്‍ണ പതാകകള്‍ നിര്‍മ്മിക്കും
ദേശീയ പതാകയ്ക്ക് കൂടുതല്‍ ആദരവ് നല്‍കുന്നതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ഹര്‍ ഘര്‍ തിരംഗ’ യുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രണ്ടരലക്ഷത്തോളം ത്രിവര്‍ണ പതാകകള്‍ നിര്‍മ്മിക്കുന്നു. ജില്ലയിലെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ പതാകകള്‍ നിര്‍മിച്ചു നല്‍കാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ജില്ലയില്‍ നിലവില്‍ 30 ഓളം യൂണിറ്റുകളാണ് കുടുംബശ്രീ ജില്ലാമിഷന്റെ മേല്‍നോട്ടത്തില്‍ പതാക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 250 ഓളം കുടുംബശ്രീ പ്രവര്‍ത്തകരാണ് പതാകയുടെ നിര്‍മ്മാണം നടത്തുക.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ പതാകകളും നിര്‍മ്മിക്കുന്നുണ്ട് . നാല് വ്യത്യസ്ത അളവുകളിലാണ് പതാകകള്‍ നിര്‍മ്മിക്കുന്നത്. കോട്ടണ്‍ തുണിയിലും പോളിസ്റ്റര്‍ തുണിയിലും പതാകകള്‍ നിര്‍മ്മിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പതാകകളുടെ നിര്‍മ്മാണം.’ഹര്‍ ഘര്‍ തിരംഗ’ യുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് . ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂള്‍ ,കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തും.