ഹോസ്റ്റലുകളിലെ രാത്രികാല നിയന്ത്രണത്തിൽ വ്യക്തത ആവശ്യപ്പെട്ട് ഹൈക്കോടതി
മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണം എഞ്ചിനിയറിംഗ് കോളേജുകൾക്കും ബാധകമാണോയെന്ന കാര്യത്തിൽ ഹൈക്കോടതി വ്യക്തത തേടി. സർക്കാരും വനിതാകമ്മീഷനും വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
പുതിയ ഉത്തരവ് വന്നശേഷവും 9.30ന് ശേഷം പുറത്തിറങ്ങാൻ നിയന്ത്രണമുണ്ടെന്ന് ഹർജിക്കാർ ബോധിപ്പിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ഹർജി 20ന് പരിഗണിക്കാൻ മാറ്റി.
മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ രാത്രി 9.30നുശേഷം നിയന്ത്രണമേർപ്പെടുത്തിയാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടാംവർഷം മുതൽ രാത്രി 9.30ന് ശേഷം മൂവ്‌മെന്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിൽ പ്രവേശിക്കാമെന്നാണ് ഉത്തരവിലുണ്ട്.
എന്നാൽ 9.30നുശേഷം ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ അനുമതിയുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് റാഗിംഗിനും മറ്റുമുള്ള സാദ്ധ്യത കണക്കിലെടുത്ത് നിയന്ത്രണത്തിൽ തെറ്റുപറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മൂവ്‌മെന്റ് രജിസ്റ്റർ കാണാനുള്ള അവകാശം മാതാപിതാക്കൾക്കും ലഭ്യമാക്കണം.
അച്ചടക്കത്തിനായി സമയ നിബന്ധന ഏർപ്പെടുത്തുന്നതിൽ തെറ്റില്ല. എന്നാൽ പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണമേർപ്പെടുത്തുന്ന സ്ഥിതി മാറണം. സമൂഹത്തിന്റെ സദാചാരബോധം പെൺകുട്ടികളിൽമാത്രം അടിച്ചേൽപ്പിക്കരുതെന്നും വ്യക്തമാക്കി.