ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഉടനെ റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ കെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഉടനെ റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഹർഷിനയുടെ പരാതി പ്രകാരം കഴിഞ്ഞ ദിവസം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേസ് ഇന്നലെ പരിഗണിച്ചെങ്കിലും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഉടനെ റിപ്പോർട്ട് നൽകാൻ കമ്മിഷൻ ആക്ടിങ് ചെയർമാൻ കെ.ബൈജുനാഥ് ആവശ്യപ്പെട്ടത്.
ഗവ. ജീവനക്കാർ ജോലി സംബന്ധമായ കാര്യങ്ങളിൽ കേസിൽ പ്രതികളായാൽ കുറ്റപത്രം നൽകാൻ സർക്കാരിന്റെ അനുമതി വേണം. ഇതിനായി അപേക്ഷ കൊടുത്തിട്ടുണ്ട്. അനുമതി ലഭിച്ചാൽ കുറ്റപത്രം നൽകുമെന്ന് കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് എസിപി കെ.സുദർശൻ കമ്മിഷനെ അറിയിച്ചു.
കുറ്റപത്രം നൽകിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിനയ്ക്കു ഉപഭോക്തൃ കോടതിയെയോ സിവിൽ കോടതിയെയോ സമീപിക്കാമെന്നും കമ്മിഷൻ ആക്ടിങ് ചെയർമാൻ കെ.ബൈജുനാഥ് പറഞ്ഞു.