ചിത്രകല നവോത്ഥാനത്തിന്റെ പ്രകാശനം : കെ പി.സുവീരന്‍
കൊയിലാണ്ടി : നവോത്ഥാനത്തിന്റെ ആദ്യപ്രകാശനങ്ങള്‍ ആരംഭിക്കുന്നത് ചിത്രകലയില്‍ നിന്നാണെന്ന യാഥാര്‍ത്ഥ്വം തിരിച്ചറിയുന്നവര്‍ക്ക് മാത്രമെ ആധുനിക ചിത്രകലാ പ്രവര്‍ത്തനത്തിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും മനസ്സിലാക്കാന്‍ കഴിയൂ എന്ന് പ്രശസ്ത സംവിധായകന്‍ കെ.പി സുവീരന്‍ പറഞ്ഞു. കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ ‘ അപ്‌ടേണ്‍ ‘ എന്ന് നാമകരണം ചെയ്ത പെയിംന്റിംഗ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗന്ദര്യാവിഷ്‌കാരങ്ങളുടെ ചരിത്രം ആരംഭിക്കുന്നതും ചിത്രകലയില്‍ നിന്നാണ്. പ്രപഞ്ചത്തിന്റെ അനന്ത വൈവിധ്യത്തെ ഇത്രമേല്‍ പ്രകാശിപ്പിക്കാന്‍ കഴിയുന്ന ചിത്രകലയ്ക്ക് വര്‍ത്തമാനകാല സാമൂഹ്യ രാഷ്ട്രീയ രംഗത്ത് അര്‍ഹമായ പ്രാധിനിത്യം ഇല്ലാതെ പോകുന്നുണ്ടെങ്കില്‍ അത് ഒരു സമൂഹത്തിന്റെ പിന്നോക്ക നിലയായെ മനസ്സിലാക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 20 വരെ നീണ്ടുനില്‍ക്കുന്ന പെയിംന്റിംഗ് എക്‌സിബിഷനാണ് ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ തുടക്കമായത്. കവിയും ചിത്രകാരനുമായ യു.കെ രാഘവന്‍ മാസ്റ്റര്‍ പരിപാടിയില്‍ അദ്ധ്യക്ഷനായിരുന്നു. സായിപ്രസാദ് ക്യൂറേറ്ററായി നടത്തുന്ന പ്രദര്‍ശനത്തില്‍ എട്ട് ചിത്രകാരന്‍മാരുടെ പെയിംന്റിംഗുകളാണ്് പ്രദര്‍ശനത്തിനുള്ളത്.
എന്‍.വി ബാലകൃഷ്ണന്‍, സി.കെ കുമാരന്‍ മാസ്റ്റര്‍, രാജീവ് ചാം, എന്‍.കെ മുരളി, എന്‍.വി മുരളി, എന്നിവര്‍ സംസാരിച്ചു. ഷാജി കാവില്‍ സ്വാഗതവും റഹ്മാന്‍ കൊഴുക്കല്ലൂര്‍ നന്ദിയും പറഞ്ഞു. പ്രദര്‍ശനത്തോടൊപ്പം ചിത്രങ്ങള്‍ സ്വന്തമാക്കാനുള്ള സൗകര്യങ്ങളും ഗാലറിയില്‍ ഒരുക്കിയിട്ടുണ്ട്.