14-ാം പഞ്ചവത്സര പദ്ധതി: വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു
14-ാം പഞ്ചവത്സര പദ്ധതി ജനകീയ പദ്ധതിയായി ഏറ്റെടുക്കുന്നതിന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ നിർവഹിച്ചു. 122 അയൽസഭകളിൽ നിന്നുള്ള നിർദേശങ്ങൾ വാർഡ് വികസന സമിതി മുഖേന ക്രോഡീകരിച്ച് വർക്കിങ് ഗ്രൂപ്പുകൾക്ക് ചർച്ചയ്ക്ക് നൽകി.
ഭിന്നശേഷിക്കാർ, മത്സ്യ തൊഴിലാളികൾ, പട്ടികജാതി വിഭാഗക്കാർ, കർഷകർ, വനിതകൾ, വ്യാപാരികൾ, പ്രവാസികൾ, അധ്യാപകർ എന്നിങ്ങനെ വിവിധ മേഖലകളിലെ 16-ഓളം ഫോക്കസ് ഗ്രൂപ്പുകളുമായും ചർച്ച നടത്തി. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേയ് 16ന് എട്ടാം വാർഡിൽ ചേരുന്ന ഗ്രാമസഭ മാതൃകാ ഗ്രാമസഭയായാണ് നടക്കുക.
വൈസ് പ്രസിഡന്റ് പി. വേണു അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ബേബി സുന്ദർരാജ്, ഗീത കാരോൽ, ബിന്ദു മുതിരകണ്ടത്തിൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ, സെക്രട്ടറി എൻ.പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.