2025 ഓടെ ദേശീയപാതാവികസനം പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: 2025 ഓടെ ദേശീയ പാത വികസനം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൻ എച്ച് എ ഐക്ക് നേരിട്ട് കുഴിയടക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പൊതുമരാമത്ത് വകുപ്പ് കുഴിയടക്കാൻ സന്നദ്ധമാണ്. അതിനാവശ്യമായ ഫണ്ട് എൻ എച്ച് എ ഐ നൽകിയാൽ അറ്റകുറ്റപണികൾ വളരെ വേഗം പൂർത്തിയാക്കാമെന്നും റിയാസ് പറഞ്ഞു. എല്ലാ ജില്ലകളിലും നേരിട്ട് പോയി ദേശീയപാത നിർമാണ പുരോഗതി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുമരാമത്ത് വകുപ്പ് നേരത്തെ ആലപ്പുഴയിൽ ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാൻ തയ്യാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു. റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തണമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപ്പണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകുമെന്ന് എൻ എച്ച് എ ഐ അറിയിച്ചു. അറ്റകുറ്റപ്പണിക്കായി 60 കോടിയുടെ കരാറാണ് നൽകുക. പുതിയ കരാർ കമ്പനിയുടെ പ്രവർത്തനം സെപ്തംബറിൽ ആരംഭിക്കും. നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചര്‍ കമ്പനിയിൽ നിന്ന് 75 കോടി രൂപ പിഴ ഈടാക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാതയിലെ അറ്റകുറ്റപ്പണി നടത്താൻ ജിഐപിഎല്ലിനോട് ജൂണിൽ നിർദേശിച്ചിട്ടും നടപടിയെടുക്കാത്തതുകൊണ്ടാണ്തി കരാർ റദ്ദാക്കിയതെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.