KERALA

തിരുവനന്തപുരം കമ്മീഷണ‌ർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്ന് ഓണ്‍ലൈൻ തട്ടിപ്പ് സംഘം 25,000 രൂപ ചോർത്തി

തിരുവനന്തപുരം: തിരുവനന്തപുരം കമ്മീഷണ‌ർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്ന് ഓണ്‍ലൈൻ തട്ടിപ്പ് സംഘം 25,000 രൂപ ചോർത്തി.  അക്കൗണ്ടിന്‍റെ ഔദ്യോഗിക നമ്പറിലേക്ക് വ്യാജ സന്ദേശമയച്ചാണ് പണം തട്ടിയത്.  സംഭവവുമായി ബന്ധപ്പെട്ട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെ പണ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ സന്ദേശങ്ങളും എത്തുന്നത് അക്കൗണ്ട്സ് ഓഫീസറുടെ മൊബൈൽ നമ്പറിലാണ്. സൈബർ തട്ടിപ്പ് കുഴികളിൽ വീഴരുതെന്നും ഒടിപി നമ്പർ ചോദിച്ചാൽ കൈമാറരുതെന്നും നിരന്തരമായ ബോധവത്ക്കരണം നടത്തുന്ന ഓഫീസിനെയാണ് തട്ടിപ്പ് സംഘം പറ്റിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിൽ നിന്നെന്ന് വിശ്വസിപ്പിച്ച്  കെവൈഎസി ഉടൻ പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് റദ്ദാക്കുമെന്ന  ഒരു സന്ദേശമെത്തിയ ലിങ്കിൽ അക്കൗണ്ട് ഓഫീസർ ക്ലിക്ക് ചെയ്തു. തട്ടിപ്പ് സംഘം ആവശ്യപ്പെട്ടപ്പോള്‍ ഒടിപിയും നൽകി. മിനിറ്റുകള്‍ക്കുള്ളിൽ എസ്ബിഐയുടെ ജഗതി ബ്രാഞ്ചിൽ നിന്നും പൊലീസിന്‍റെ 25,000 രൂപ തട്ടിപ്പ് സംഘത്തിന്‍റെ കൈയിലായി.

പണം നഷ്ടമായ വിവരമറിഞ്ഞ് പൊലീസ് ഉടനെ 1930 എന്ന കണ്‍ട്രോള്‍ റൂമിലേക്ക് വിവരമറിയിച്ചു. അക്കൗണ്ട്സ് ഓഫീസർ സൈബർ പൊലീസിൽ പരാതി നൽകി. ചോർത്തിയെടുക്കുന്ന പണം തട്ടിപ്പുകാരുടെ അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി പിൻവലിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പൊലീസിന്‍റെ അക്കൗണ്ടിൽ നിന്നും ചോർത്തിയ പണം പിൻവലിക്കുന്നതിന് മുമ്പ് തടഞ്ഞുവെന്ന് തിരുവനന്തപുരം ഡിസിപി പറഞ്ഞു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്നും പൊലീസ് പറയുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button