എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും. പുതിയ ചോദ്യപേപ്പറിനേയും മൂല്യ നിർണ്ണയത്തേയും നന്നായി മനസ്സിലാക്കൂ. സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതൂ.
ഇത്തവണത്തെ എസ് എസ് എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇനി ദിവസങ്ങളുടെ അകലമേയുള്ളൂ. കഴിഞ്ഞ തവണത്തെ പരീക്ഷയിൽ ചോദ്യപേപ്പർ തയാറാക്കിയ രീതിയും ഉത്തരക്കടലാസുകൾ പരിശോധിച്ച് മാർക്ക് നൽകിയ രീതിയും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം ഇരട്ടി ചോദ്യങ്ങൾ നൽകി, അവക്കെല്ലാം ഉത്തരമെഴുതി മാർക്ക് സ്കോർ ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകിയതാണ് വിവാദമായത്. ഇതോടെ എ പ്ലസ്സുകാരുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചു. എ പ്ലസ്സുകാരുടെ തള്ളിക്കയറ്റം ഉണ്ടായതോടെ തുടർവിദ്യാഭ്യാസത്തിനുള്ള പ്രവേശന നടപടികളുടെ താളം തെറ്റി. ജനനതിയ്യതിയും പേരിലെ അക്ഷരമാലാക്രമവും അനുബന്ധ മാർക്കുകളുമൊക്കെ നോക്കി പ്രവേശനം നടത്തേണ്ടി വന്നതോടെ പ്രതിഭകളായ ധാരാളം കുട്ടികൾ പുറത്താകുകയും ശരാശരി പോലും പഠന നിലവാരമില്ലാത്ത കുട്ടികൾ അകത്ത് കയറുകയും ചെയ്തു. ഇതൊക്കെ പരിഗണിച്ചുകൊണ്ടാവാം ഇത്തവണ ചോദ്യപേപ്പറിന്റെ ഘടനയിലും മൂല്യ നിർണ്ണയത്തിലും പ്രകടമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചോദ്യവിന്യാസത്തിന്റെ രീതിയും മൂല്യ നിർണ്ണയത്തിന്റെ രീതിയും നന്നായി മനസ്സിലാക്കി പരീക്ഷ എഴുതിയാലേ നല്ല സ്കോർ നേടാൻ കഴിയൂ. അത് മനസ്സിലാക്കാൻ സാമ്പിള്‍ ചോദ്യക്കടലാസ്സുകള്‍ തയാറാക്കി, പരീക്ഷ എഴുതാൻ കുട്ടികൾക്ക് നല്ല പരിശീലനം ലഭിക്കണം. അങ്ങിനെ ചെയ്തെങ്കിലേ പേടികൂടാതെ പരീക്ഷയെഴുതാൻ കുട്ടികൾക്ക് കഴിയൂ. ഇതിന് അധ്യാപകർ അവരെ തയ്യാറാക്കേണ്ടതുണ്ട്. ഒരു പ്രത്യേക പാറ്റേണിലാണ് ചോദ്യങ്ങൾ വിന്യസിക്കുക. എല്ലാ വിഷയങ്ങളുടെ ചോദ്യക്കടലാസ്സിനും ഒരു പാറ്റേൺ നിശ്ചയിച്ചിട്ടുണ്ട്. ചോദ്യങ്ങൾക്ക് ചോയ്സ് നല്കാനാണ് ഇത്തരം ഒരു പാറ്റേൺ സ്വീകരിച്ചിരിക്കുന്നത്. 80 സ്കോറിന് പരീക്ഷയുളള വിഷയങ്ങൾക്ക് 35 ചോദ്യങ്ങളാണുണ്ടാവുക. 40 സ്കോറിന്റെ പരീക്ഷയ്ക്ക് 24 ചോദ്യങ്ങളും.
ഈ വർഷത്തെ എസ് എസ് എൽ സി/പ്ലസ് ടു പരീക്ഷകൾക്ക് കുട്ടികൾക്ക് പരീക്ഷ എഴുതേണ്ടതിനെക്കാൾ 50% സ്കോറിനുള്ള അധിക ചോദ്യങ്ങൾ ലഭിക്കും. കഴിഞ്ഞ തവണ അത് 100% ആയിരുന്നു. 40 സ്കോറിന്റെ പരീക്ഷയ്ക്ക് 60 സ്കോറിന്റെ ചോദ്യങ്ങളും 80 സ്കോറിന്റെ പരീക്ഷയ്ക്ക് 120 സ്കോറിന്റെ ചോദ്യങ്ങളും ചോദ്യപേപ്പറിലുണ്ടാവും. എന്നാൽ ഈ അധിക ചോദ്യങ്ങൾ ചോയ്സുകളായിട്ടാണ് നല്കുക. വ്യക്തമായി പറഞ്ഞാൽ 60 സ്കോറിന്റെ ചോദ്യപ്പേപ്പറിൽ 20 സ്കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും (അധികചോദ്യങ്ങൾ). 80 സ്കോറിന്റെ ചോദ്യപ്പേപ്പറിൽ 40 സ്കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും. ഈ വർഷത്തെ എസ് എസ് എൽ സി/പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയയിൽ നിന്നും (പ്രാധാന്യം നല്കി പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ) 70% സ്കോറിനുളള ചോദ്യങ്ങളും നോൺ ഫോക്കസ് ഏരിയയിൽ നിന്നും 30% സ്കോറിനുളള ചോദ്യങ്ങളുമാണ് ചോദിക്കുക.
40 സ്കോറിന്റെ പരീക്ഷയ്ക്ക് 42 സ്കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും നൽകിയിരിക്കും. അതിൽ നിന്നും കുട്ടികൾ 28 സ്കോറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ മതിയാകും. ബാക്കി 12 സ്കോറിന്റെ ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നാണ് കുട്ടികൾ എഴുതേണ്ടത്. അതിനായി 18 സ്കോറിന്റെ ചോദ്യങ്ങൾ നല്കിയിരിക്കും.
80 സ്കോറിന്റെ പരീക്ഷയ്ക്ക് 84 സ്കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും നൽകിയിരിക്കും. അതിൽ നിന്നും കുട്ടികൾ 56 സ്കോറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ മതിയാകും. ബാക്കി 24 സ്കോറിന്റെ ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നാണ് കുട്ടികൾ എഴുതേണ്ടത്. അതിനായി 36 സ്കോറിന്റെ ചോദ്യങ്ങൾ നല്കിയിരിക്കും.
നോൺ ഫോക്കസ് ഏരിയായിൽ നിന്നുളള ചോദ്യങ്ങൾ കുറെയെങ്കിലും ലളിതമാകാൻ സാധ്യതയുണ്ട്. എങ്കിലും ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളോടൊപ്പം കുട്ടികൾ നോൺ ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങൾ കൂടി പഠിച്ചാൽ മാത്രമേ എ പ്ലസ് എന്ന കടമ്പ കടക്കാൻ സാധിക്കൂ. ഇത് നേരത്തെ മനസ്സിലാക്കി പഠിക്കുവാൻ കുട്ടികളെ അദ്ധ്യാപകർ തയാറാക്കണം. ഓരോ ചോദ്യക്കടലാസ്സിലും അഞ്ച് പാർട്ടുകളുണ്ടാകും. ഓരോ പാർട്ടിനെയും എ, ബി എന്നിങ്ങനെ തിരിച്ചിട്ടു മുണ്ട്. എ ഭാഗം ഫോക്കസ് ഏരിയയിൽ നിന്നുളള ചോദ്യങ്ങളും ബി ഭാഗം നോൺ ഫോക്കസ് ഏരിയയിൽ നിന്നുളള ചോദ്യങ്ങളും ഉൾപ്പെട്ടതായിരിക്കും.
40 സ്കോറിന്റെ പരീക്ഷാചോദ്യങ്ങളുടെ വിതരണം
പാർട്ട് ഒന്ന് – ഒന്ന് സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് ആറ് ചോദ്യങ്ങളിൽ നാല് എണ്ണത്തിന് ഉത്തരം എഴുതണം. (നാല് സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് മൂന്ന് ചോദ്യങ്ങളിൽ മൂന്നെണ്ണത്തിനും ഉത്തരം എഴുതണം. (മൂന്ന് സ്കോർ). ആകെ ഒമ്പത് ചോദ്യങ്ങൾ നല്കിയിരിക്കും. ഏഴെണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് രണ്ട് – രണ്ട് സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് ഒരു ചോദ്യം നൽകിയിരിക്കും അതിന് ഉത്തരം എഴുതണം. (രണ്ട് സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് രണ്ട് ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം എഴുതിയാൽ മതിയാകും. (രണ്ട് സ്കോർ). ആകെ മൂന്ന് ചോദ്യങ്ങൾ നല്കിയിരിക്കും. രണ്ടെണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് മൂന്ന് – മൂന്ന് സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് നാല് ചോദ്യങ്ങളിൽ മൂന്നെണ്ണത്തിന് ഉത്തരം എഴുതണം. (ഒമ്പത് സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് ഒരു ചോദ്യത്തിൽ അതിന് ഉത്തരം എഴുതണം. (മൂന്ന് സ്കോർ). ആകെ അഞ്ചു ചോദ്യങ്ങൾ നല്കിയിരിക്കും. നാല് എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് നാല്- നാല് സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് മൂന്ന് ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ഉത്തരം എഴുതണം. (എട്ട് സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് രണ്ട് ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം എഴുതണം. (നാല് സ്കോർ). ആകെ അഞ്ച് ചോദ്യങ്ങൾ നല്കിയിരിക്കും. മൂന്നെണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് അഞ്ച് – അഞ്ച് സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് രണ്ട് ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം എഴുതണം. (അഞ്ച് സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് ചോദ്യങ്ങളുണ്ടാവില്ല. വേഗമാകട്ടെ പുതിയ പാറ്റേൺ മനസ്സിലാക്കി അനായാസം പരീക്ഷ എഴുതു. നല്ല മാർക്ക് വാങ്ങി വിജയിച്ചു വരൂ. എല്ലാ വിദ്യാർത്ഥികൾക്കും കലിക്കറ്റ് പോസ്റ്റിന്റെ വിജയാശംസകൾ.