സ്വകാര്യ ബസ് സമരം കൊയിലാണ്ടി താലൂക്കിലെ യാത്രക്കാരെ വലച്ചു
കൊയിലാണ്ടി : ചാർജ്‌വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാർ ആരംഭിച്ച സമരം കൊയിലാണ്ടി താലൂക്കിലെ വിവിധകേന്ദ്രങ്ങളിൽ യാത്രക്കാരെ വലച്ചു.സ്വകാര്യബസ് സമരത്തിന്റെ ആദ്യനാളിൽത്തന്നെ ജനം വലഞ്ഞു. കെ എസ്ആർ ടി സി പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഫലപ്രദമായില്ല. ഏറെനേരം കാത്തുനിന്ന് കിട്ടിയ ബസിൽ ആളുകൾ ഇടിച്ചുകയറുന്ന സ്ഥിതിയായിരുന്നു. ബസ്‌സ്റ്റാൻഡിൽനിന്നുതന്നെ നിറഞ്ഞുകവിഞ്ഞെത്തുന്ന ബസിൽ വഴിയിൽനിന്നുള്ളവർക്ക് കയറാനായതുമില്ല.കൊയിലാണ്ടിയിൽനിന്ന് കോഴിക്കോട്, വടകര, പേരാമ്പ്ര, മേപ്പയ്യൂർ, ബാലുശ്ശേരി, താമരശ്ശേരി ഭാഗങ്ങളിലേക്കുള്ള യാത്രക്കാരെ ബസ്സില്ലാത്തതുകാരണം വലിയതോതിൽ പ്രയാസത്തിലാക്കി.വിദ്യാർഥികൾ, ജീവനക്കാർ, സാധാരണക്കാർ എന്നിവരെല്ലാം ബാധിച്ചു. പരീക്ഷാ കാലമായതിനാൽ കുട്ടികൾ സ്കൂളുകളിലെത്താൻ ബുദ്ധിമുട്ടി. പല കുട്ടികളും രക്ഷിതാക്കളുടെ കൂടെ ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും എത്തി. ചിലകുട്ടികൾ ദീർഘദൂരം നടന്നാണ് പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്. പലകുട്ടികളും ഇരുചക്ര വാഹനക്കാരെ കൈകാട്ടി നിർത്തിപ്പിച്ചാണ് യാത്ര ചെയ്തത്.കൊയിലാണ്ടി താമരശ്ശേരി റൂട്ടിലും അരിക്കുളം പേരാമ്പ്ര, നടുവണ്ണൂർ ഭാഗത്തേക്കും നെല്ലാടി, മേപ്പയ്യൂർ, മുചുകുന്ന് ഭാഗങ്ങളിലേക്കും കടുത്ത യാത്രാ പ്രയാസമാണ് സമരം സൃഷ്ടിക്കുന്നത്. കൊയിലാണ്ടി ടൗണിലെത്തുന്ന അത്യാവശ്യക്കാർ ടാക്സിജിപ്പുകളും ഓട്ടോറിക്ഷകളെയുമാണ് യാത്രയ്ക്കായി ആശ്രയിച്ചത്. കെ എസ്ആ ർ ടി സി ബസുകൾ പരിമിതമായാണ് ഓടിയത്.