KERALA
301 മദ്യഷോപ്പുകളും തുറക്കും; തീയതി വൈകാതെ അറിയിക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 301 മദ്യഷോപ്പുകളും ഒരുമിച്ച് തുറക്കാന്‍ തീരുമാനമായതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. മദ്യഷോപ്പുകള്‍ കഴിയുന്നത്ര വേഗം തുറക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇതിന്റെ തീയതി വൈകാതെ അറിയിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ മദ്യഷോപ്പുകള്‍ രണ്ടുതരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റുകള്‍ മുഖേനയും ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ മുഖേനയും. ഈ രണ്ട് ഔട്ട്‌ലെറ്റുകളും ചേര്‍ന്ന് 301 ഷോപ്പുകളാണ് കേരളത്തിലുള്ളത്. ഈ 301 ഔട്ട്ലെറ്റുകളും ഒന്നിച്ച് തുറക്കാനുള്ള നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് മന്ത്രി പറഞ്ഞു.
മദ്യം വാങ്ങാന്‍ വരുന്നവരുടെ തിരക്ക് കൂടി പരിഗണിച്ച് ഇത് കുറയ്ക്കാനായി ചില പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മദ്യത്തിന്റെ ബുക്കിംഗ് ഓണ്‍ലൈന്‍ മുഖേന സ്വീകരിക്കുകയും ഔട്ട്‌ലെറ്റുകള്‍ വഴി ഈ മദ്യം വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. പേയ്‌മെന്റുകളും ഔട്ട്‌ലെറ്റില്‍ നടക്കും.
നേരത്തേ ഉള്ളതില്‍ നിന്നും ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തന മാറ്റം ഉണ്ടാവും. സമയത്തിന്റെ കാര്യത്തിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷമേ എന്നത്തോടെ മദ്യഷോപ്പുകള്‍ തുറക്കാനാവൂ എന്നത് പറയാനാവുള്ളൂ എന്നും മന്ത്രി പറഞ്ഞു.
2018ലെ പ്രളയത്തിന്റെ സമയത്തും സര്‍ക്കാര്‍ മദ്യത്തിന് വില വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അന്ന് 8% മുതല്‍ 15% വരെ എക്‌സൈസ് ഡ്യൂട്ടിയിലായിരുന്നു വര്‍ധനവ് വരുത്തിയിരുന്നത്. പ്രളയത്തെ നേരിടുന്നതിനുള്ള ധനസമാഹരണത്തിന് വേണ്ടിയായിരുന്നു ഇത്. 100 ദിവസത്തേക്ക് മാത്രമായിരുന്നു ഈ തീരുമാനം.
കോവിഡിനെ തുടര്‍ന്ന് നാടിന്റെ വരുമാനം പൊതുവെ സ്തംഭിച്ച അവസ്ഥയിലാണ്. ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതിന് തന്നെ പണം തികയാത്ത സ്ഥിതിയാണ്. ഇതേ സ്ഥിതിയില്‍ തന്നെയാണ് ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളുടെ കൈയ്യില്‍ വരുമാനം എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടെന്നും മന്ത്രി പറഞ്ഞു.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കേരളത്തില്‍ വില്‍പന നടത്തുന്ന ബിയര്‍, വൈന്‍ വില്‍പന നികുതിയില്‍ 10% വര്‍ധനവ് വരുത്താനാണ് തിരീമാനിച്ചിരിക്കുന്നത്. മറ്റെല്ലാ മദ്യങ്ങള്‍ക്കും വില്‍പന നികുതിയില്‍ 35% വര്‍ധനവും വരുത്തും. വില്‍പന നികുതി നിയമത്തില്‍ ഭേഗദതി വരുത്തിയായിരിക്കും ഇത് നടപ്പിലാക്കുക. ഇത് അടിയന്തരമായി നടപ്പാക്കേണ്ടതിനാലും എന്നാല്‍ നിയമസഭാ സമ്മേളനമം നടക്കുന്ന ഘട്ടമല്ലാത്തതിനാലും ക്യാബിനറ്റ് തീരുമാനിച്ച് ഓര്‍ഡിനന്‍സ് അംഗീകരിച്ച് ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയിലുടനീളമുള്ള മദ്യഷാപ്പുകള്‍ അടയ്ക്കാനുള്ള സാഹചര്യമുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ തന്നെ ഇപ്പോള്‍ ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇളവ് വരുത്തിയതിന്റെ ഭാഗമായി മദ്യഷാപ്പുകള്‍ തുറക്കാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഉടനീളം ഇതിനോടകം തന്നെ മദ്യഷോപ്പുകള്‍ തുറന്നിട്ടുണ്ട്.
കേരളത്തിലും മദ്യ ഷോപ്പുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നാല്‍ ഏത് ദിവസം തുറക്കും എന്ന് തീരുമാനമായിട്ടില്ല. ഇളവുകളുടെ ഭാഗമായാണ് കേരളത്തില്‍ ഇന്നലെ മുതല്‍ കള്ളുഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കള്ള് പാകപ്പെടുത്തിയെടുക്കാന്‍ മൂന്നോ അതില്‍ കൂടുതല്‍ ആഴ്ചയോ സമയമെടുക്കും. അതുകൊണ്ട് നേരത്തേ കൂട്ടി തെങ്ങ് പാകപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ കള്ളുഷാപ്പുകള്‍ തുറന്നിരിക്കുന്നത്.
തെങ്ങുകളില്‍ കള്ള് പാകപ്പെടുന്നതിനനുസരിച്ചാണ് കള്ളുഷാപ്പുകള്‍ തുറന്നുകൊണ്ടിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ലൈസന്‍സിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കാനുമുണ്ട്. ഇത്തരം നടപടി ക്രമങ്ങള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ കള്ളുഷാപ്പുകളെല്ലാം പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും മന്ത്രി ടി.പി. രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments