ദേശീയപാതയിലെ മൂരാടിൽ പുതിയപാലം നിർമിക്കുന്നതിന്റെ ഭാഗമായി പുഴയിൽ കെട്ടിയ തടയണ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമെന്ന ആശങ്ക; പൊളിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി
ദേശീയപാതയിലെ മൂരാടിൽ പുതിയപാലം നിർമിക്കുന്നതിന്റെ ഭാഗമായി പുഴയിൽ കെട്ടിയ തടയണ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമെന്ന ആശങ്ക നിയമസഭയിലും. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ.യാണ് ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ബണ്ട് കാരണം വെള്ളപ്പൊക്കസാധ്യതയുണ്ടെന്നും അതിനാൽ ഇത് പൊളിച്ചുമാറ്റാൻ ജലസേചനവകുപ്പ് ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയതായും ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിക്കുകയും ചെയ്തു.
പുതിയപാലത്തിന്റെ തൂണുകൾ നിർമിക്കുന്നതിനു മുന്നോടിയായി പൈലിങ് നടത്തുന്നതിനാണ് പുഴയിൽ ഇരുവശത്തുമായി ബണ്ട് കെട്ടിയത്. ബണ്ട് കെട്ടിയ സ്ഥലത്ത് പൈലിങ് ഏതാണ്ട് പൂർത്തിയായി. ഇരുഭാഗത്തും തൂണുകളും ഉയർന്നു. ഇരുവശങ്ങളിലുമായി 60 മീറ്റർ വീതിയിൽ ബണ്ട് നിർമിച്ചിട്ടുണ്ട്. മധ്യഭാഗത്ത് 80 മീറ്റർ ഭാഗം ഒഴിച്ചിട്ടു. ഇതുവഴിയാണ് പുഴ ഒഴുകുന്നത്. എന്നാൽ, മധ്യഭാഗത്തും പൈലിങ് യൂണിറ്റുകൾ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രിയുടെ മറുപടി.