ശസ്ത്രക്രിയക്കിടയില്‍ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ യുവതിക്ക് നീതി ലഭിക്കുന്നതിന് ഇടപെടുമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി
ശസ്ത്രക്രിയക്കിടയില്‍ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ യുവതിക്ക് നീതി ലഭിക്കുന്നതിന് ഇടപെടുമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണമെന്നും വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട് എത്രയുംപെട്ടെന്ന് പുറത്ത് വരണമെന്നും സതീദേവി പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പാണ് താമരശ്ശേരി സ്വദേശിയായ ഹര്‍ഷീന എന്ന യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയക്കിടയില്‍ കത്രിക മറന്നുവെച്ചത്.
സംഭവത്തില്‍ തീരുമാനമെടുക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം നടത്തുമെന്ന് ഹര്‍ഷീന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഹർഷീനയെ വിളിച്ചിരുന്നു. സംഭവത്തില്‍ നീതി കിട്ടാന്‍ വൈകുന്നതില്‍ ഹർഷീന പ്രതിഷേധവും അറിയിച്ചിരുന്നു. തുടര്‍ന്ന് യുവതി നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിന് മുന്നില്‍ സത്യാഗ്രഹം നടത്തുകയും ചെയ്തു.
ഏഴു ദിവസമായി നടത്തി വന്ന സമരം മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍ മൂലം അവസാനിപ്പിച്ചു. ഹര്‍ഷീനക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും റിപ്പോര്‍ട്ട് എന്താണെങ്കിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ രണ്ടാഴ്ചക്കുള്ളില്‍ നീതി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.