SPECIAL

കേരളപ്പിറവി….. ‘കേരളം വളരുന്നു പശ്ചിമഘട്ടവും കടന്ന് അന്യമാം ദേശങ്ങളില്‍”

എന്‍ വി ബാലകൃഷ്ണന്‍

                                                                        എന്‍ വി ബാലകൃഷ്ണന്‍

കേരളപ്പിറവി…..
‘കേരളം വളരുന്നു പശ്ചിമഘട്ടവും
കടന്ന് അന്യമാം ദേശങ്ങളില്‍”
ഇത് കവിവചനം.
മലയാളി ലോകത്തിന്റെ
കൊടിയടയാളമായി പാറിപ്പറന്ന
നാളുകളുടെ ബാക്കിപത്രം.

കടല്‍ കടന്നുപോയ സുഗന്ധം;
കടല്‍ കടന്നെത്തിയ സംസ്‌കാരങ്ങള്‍
ഇളനീര്‍ ഇനിപ്പിലും വെറ്റിലത്തളിരിലും പുന്നെല്‍ച്ചോറിലും
കൊതിയൂറി നിന്ന തേന്‍ മലയാളം.

തിരുവാതിരയും കുരുമുളകു കൊടിയും നാട്ടുമാവുംപുഞ്ചപ്പാടങ്ങളും
വിരുന്നൂട്ടിയ പൈതൃകം
കടല്‍പ്പരപ്പും പശ്ചിമഘട്ടവും
അതിരുകളിട്ട് കാവല്‍ നിന്ന മണ്ണിടം
പ്രകൃതി കനിഞ്ഞു നല്കിയ
പച്ചപ്പിന്റെ നിറച്ചാര്‍ത്ത്

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനം.
നവോത്ഥാനത്തിന്റെ നറുമണം
വേദാന്തത്തിന്റെ ക്ലിഷ്ടതകളെ അതിലംഘിച്ച നാട്

അധിനിവേശത്തിന്റെ പായ്ക്കപ്പലുകള്‍ക്കെതിരെ
പീരങ്കിയുണ്ടകള്‍ മറുപടി
നല്കിയ ധീരത.
അരുതായ്മകള്‍െരതിരെ
പടനയിച്ചവരുടെ പടഹധ്വനികള്‍
കടലോരത്തരിശുകളിലും
കഴുകന്‍ കോട്ടകളിലും
പൊരുതി കയറിയ
ശോണ സമുദ്രങ്ങള്‍.

അശരണര്‍ക്ക്
‘തന്റേട’ത്തിന്റെ ആറടിമണ്ണ്
അളന്നു നല്കിയ
രാഷ്ട്രീയത്തിന്റെ ചങ്കൂറ്റം

ഇന്നിതൊക്കെ
ഗതകാലസ്മരണകള്‍
നൊമ്പരമുണര്‍ത്തുന്ന
ഗൃഹാതുരത്വം.
തുഞ്ചത്തെഴുത്തച്ഛന്റേയും
കുഞ്ചന്‍ നമ്പ്യാരുടെയും
നറുതേന്‍ മലയാളം

പട്ടിക്കൂട്ടിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം
കൊണ്ടും
രഞ്ജിനി ഹരിദാസിന്റെ
മംഗ്ലീഷ് കൊണ്ടും
പകരം വെക്കുന്നു.

മൂലധനത്തിന്റെ പങ്കുവെപ്പുകളില്‍
മലയാളത്തിന്റെ കണ്ണും കാതും
ഹൃദയവും തലച്ചോറും
ചിതറിത്തെറിച്ച്
ചതഞ്ഞരഞ്ഞ് പോകുന്നു.

മണ്ണുമാന്തി യന്ത്രവും
ടിപ്പര്‍ ലോറികളും
ദേശീയ ചിഹ്നങ്ങളായി തീര്‍ന്നിരിക്കുന്നു.
മാനഭംഗത്തിനിരയായി
കായലിലും കടലോരത്തും
കിഴക്കന്‍ മലയോരത്തും
മാര്‍വാഡിയും ദ്വരയും
മലയാളമറിയാത്ത മലയാളിയും
റിസോര്‍ട്ടുകള്‍ പണിയാന്‍
മത്സരിക്കുന്നു.

ശ്രീനാരായണനും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളുമൊക്കെ
ചില്ലുകൂടുകളില്‍ ഉറങ്ങുമ്പോള്‍
ജാതി വേതാളങ്ങള്‍
തലകീഴായി തൂങ്ങിനിന്ന്
നെറുകയില്‍ കാഷ്ഠിക്കുന്നു.

മനുഷ്യമാംസം കരിഞ്ഞു മണക്കുന്ന ദുര്‍മന്ത്രവാദികളുടെ
ഹോമകുണ്ഡങ്ങള്‍ക്ക് കാവല്‍ നില്ക്കുകയാണിന്ന്
മാന്ത്രിക ഏലസ്സും
നക്ഷത്രമോതിരവും ധരിച്ച
നവോത്ഥാനത്തിന്റെ ബാക്കിപത്രം.

സത്യാന്വേഷിയായ
അവധൂതസന്യാസിയുടെ ചോര
ആള്‍ ദൈവങ്ങളുടെ അന്തഃപുരങ്ങളില്‍ മണക്കുമ്പോള്‍

അമ്മ ദൈവങ്ങള്‍ പണത്തെ
കെട്ടിപ്പിടിച്ച് ചിരിക്കുന്നു.

മദ്യചഷകങ്ങളില്‍ നാവ്
കുഴഞ്ഞുപോയ മലയാളി
ഭോഗാസക്തിയടക്കാന്‍
പെണ്ണിനേയും കുഞ്ഞിനേയും
തേടി നടക്കുന്നു.

അഴുകി ജീര്‍ണ്ണിച്ച ശവക്കല്ലറകളെ
വെള്ള പൂശിയ സദാചാരം
പെണ്ണിടങ്ങളിലൊക്കെ
സംസ്‌കാര സംരക്ഷകരായി നിന്ന്
പല്ലിളിക്കുന്നു.

അശരണര്‍ പൊരുതി നേടിയ
‘തന്റേട’ ത്തിന്റെ ആറടി മണ്ണ്
മൂലധനത്തിന്റെ കടലെടുത്തു പോകുന്നു.
പോരാട്ടങ്ങള്‍ക്ക് കാലിടറുന്നു. രാഷ്ട്രീയത്തിന് എവിടെയോ പിഴക്കുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button