60 വയസ്സ് പൂർത്തിയായവർക്ക് കരുതൽ ഡോസ് 23 മുതൽ
ജില്ലയിൽ 60 വയസ്സ് പൂർത്തിയായവർക്കുള്ള കരുതൽ ഡോസ് കോവിഡ് വാക്സിനേഷൻ യജ്ഞം ജൂൺ 23 മുതൽ 25 വരെ നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഉമ്മർ ഫാറൂഖ് അറിയിച്ചു. 60 വയസ്സ് പൂർത്തിയായ, കോവിഡ് രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവർക്കാണ് മൂന്നാം ഡോസ് കരുതൽ ഡോസായി നൽകുന്നത്.
വാക്സിൻ എടുക്കാത്തവരിൽ കോവിഡ് ഗുരുതരമാകാനും മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. മൂന്നാം ഡോസ് എടുക്കുന്നതിലൂടെ കോവിഡിനെതിരെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഗുരുതരാവസ്ഥയിലേക്ക് പോകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാനും കഴിയും. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും കരുതൽ ഡോസ് എടുക്കാവുന്നതാണ്.
കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ 60 വയസ്സ് പൂർത്തിയായ , മൂന്നാം ഡോസിന് അർഹതയുള്ള എല്ലാവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തി കരുതൽ ഡോസ് നൽകി സുരക്ഷിതരാക്കാൻ കുടുംബാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.