61മത് കേരള സ്കൂൾ കലോത്സവത്തിന് സേവനമനുഷ്ഠിച്ചവർക്ക് ഇത്തവണ ഡ്യൂട്ടി സർട്ടിഫിക്കറ്റ് അല്ല നൽകിയത് പകരം അതിൻറെ മലയാളം പതിപ്പായ ‘സേവന സാക്ഷ്യപത്രം’
കോഴിക്കോട്: 61മത് കേരള സ്കൂൾ കലോത്സവത്തിന് സേവനമനുഷ്ഠിച്ചവർക്ക് ഇത്തവണ ഡ്യൂട്ടി സർട്ടിഫിക്കറ്റ് അല്ല നൽകിയത് പകരം അതിൻറെ മലയാളം പതിപ്പായ ‘സേവന സാക്ഷ്യപത്രം’ ആണ്. ഇത് രൂപകല്പന ചെയ്തത് ഏതെങ്കിലും ഒരു മലയാളം അധ്യാപകനാണ് എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി, തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് സീനിയർ ലെക്ചറർ ആയ വടയക്കണ്ടി നാരായണൻ ആണ് ഇത് ചെയ്തത്. ജില്ലാ തലങ്ങളിൽ മുൻപ് നിരവധി തവണ ഇദ്ദേഹത്തിൻറെ സേവന സാക്ഷ്യപത്രം ഉപയോഗപ്പെടുത്തിയിരുന്നു എങ്കിലും സംസ്ഥാനതലത്തിൽ ഇത് ആദ്യമായാണ് ഉപയോഗപ്പെടുത്തുന്നത്.
വർഷങ്ങളായി ഉപജില്ല, ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള നാരായണന്റെ അനുഖ്യാതി (അനൗൺസ്മെൻറ്) പ്രസിദ്ധമാണ്. സംഘചാലകൻ (ടീം മാനേജർ), അധ്യാപക അനുഗാമി (എസ്കോർട്ടിംഗ് ടീച്ചർ) വേദി, നറുക്കെടുപ്പ്, മത്സരാർത്ഥി, അവതരണ ക്രമം, സംഖ്യ (നമ്പർ), വൃന്ദം (ക്ലസ്റ്റർ) തുടങ്ങി കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ പദങ്ങൾക്കും സമാന മലയാള പദങ്ങൾ കണ്ടെത്തിയിട്ടുണ്ട് നാരായണൻ. പക്ഷേ ഇത്തവണ സുവനീർ, സാംസ്കാരിക കമ്മിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാരിച്ച ചുമതലകൾ ഉള്ളതിനാൽ അനുഖ്യാതി ഏറ്റെടുത്തില്ല നാരായണൻ. കലോത്സവത്തെ മലയാളവൽക്കരിക്കാനുള്ള തൻറെ ശ്രമങ്ങൾ അവസാനിപ്പിച്ച് 33 വർഷത്തെ സേവനത്തിനുശേഷം നാരായണൻ ഇത്തവണ പടിയിറങ്ങും.