68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വ്‌ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍
കല്‍പകഞ്ചേരി സ്വദേശിയായ 68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വ്‌ളോഗര്‍ ദമ്പതിമാരായ താനൂര്‍ സ്വദേശി റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവർ അറസ്റ്റില്‍. മലപ്പുറം തൃശ്ശൂരിലെ വാടക വീട്ടില്‍ നിന്ന് കല്‍പകഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചെങ്കിലും രണ്ട് കൈക്കുഞ്ഞുങ്ങളുള്ളതിനാല്‍ യുവതിയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ചു.
കഴിഞ്ഞ ഒരുവര്‍ഷമായി വിവിധ തവണകളായി 23 ലക്ഷം രൂപയാണ് ദമ്പതിമാര്‍ തട്ടിയെടുത്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഫ്‌ളാറ്റിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള ഭീഷണി തുടര്‍ന്നതോടെ ചോദിക്കുമ്പോഴെല്ലാം വ്യാപാരി പണം നല്‍കി. ഒടുവില്‍ കടം വാങ്ങി വരെ പണം നല്‍കാന്‍ തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന്റെ കുടുംബം സംഭവമറിയുന്നത്. ഇതോടെ കല്‍പകഞ്ചേരി പോലീസിനെ സമീപിക്കുകയും ദമ്പതിമാരെ പോലീസ് പിടികൂടുകയുമായിരുന്നു.