പാവങ്ങളുടെ ലംബോര്‍ഗിനിയുടെ ശില്‍പ്പിയെ അഭിനന്ദിക്കാന്‍ ഒറിജിനല്‍ ലംബോര്‍ഗിനിയുടെ വിളിയെത്തി
പാവങ്ങളുടെ ലംബോര്‍ഗിനി ഉണ്ടാക്കി സമൂഹമാധ്യമങ്ങളുടെ കൈയടി നേടിയ അനസിനെ തേടി യഥാര്‍ഥ ലംബോര്‍ഗിനിയുടെ അഭിനന്ദനവും എത്തിയിരിക്കുകയാണ്. അനസിന്റെ കുഞ്ഞന്‍ ലംബോര്‍ഗിനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് ബെംഗളൂരുവിലെ ലംബോര്‍ഗിനിയുടെ ഓഫീസില്‍ നിന്നും അദ്ദേഹത്തെ വിളിക്കുകയും പരിശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തിരിക്കുന്നത്.
വീഡിയോ വൈറലായതോടെ അനസിന്റെ ഫോണിന് വിശ്രമില്ല. വീഡിയോ കണ്ടവരുടെ അഭിനന്ദനത്തിന് പുറമെ, വാഹന നിര്‍മാതാക്കള്‍ പോലും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു യാത്രയ്ക്കിടെ ആലുവയിലെ ഒരു ഷോറൂമില്‍ ലംബോര്‍ഗിനി കിടക്കുന്നത് കണ്ടപ്പോള്‍ മുതലാണ് അനസും ഈ വാഹനത്തെ ആഗ്രഹിച്ച് തുടങ്ങിയത്. ഈ വാഹനം വാങ്ങുകയെന്നത് ശ്രമകരമാണെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് നിര്‍മിക്കാന്‍ തുടങ്ങിയത്.
കേറ്ററിങ്ങ് ജോലിക്കും പന്തല്‍ പണിക്കും പോയി സമ്പാദിച്ച രണ്ട് ലക്ഷം രൂപയും 18 മാസം നീണ്ട അധ്വാനവുമാണ് അനസ് തന്റെ ലംബോര്‍ഗിനിക്കായി ഉപയോഗിച്ചത്. സിനിമതാരം പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും അനസിന്റെ വാഹന നിര്‍മാണത്തിന് പ്രചോദനമായിട്ടുണ്ട്. അതുകൊണ്ട് താന്‍ നിര്‍മിച്ച ലംബോര്‍ഗിനി പൃഥ്വിരാജിനെ കാണിക്കാന്‍ കഴിയണമെന്ന ആഗ്രഹവും വാഹന നിര്‍മാണത്തില്‍ അനസിനുണ്ടായിരുന്നു.
രൂപത്തില്‍ ലംബോര്‍ഗിനിയുടെ തനി പകര്‍പ്പാണെങ്കിലും ഈ വാഹനത്തിന് കരുത്തേകുന്നത് 110 സിസി ബൈക്കിന്റെ എന്‍ജിനാണ്. ഇരുമ്പ് പൈപ്പുകള്‍ കൊണ്ടാണ് വാഹനത്തിന്റെ ഫ്രെയിം നിര്‍മിച്ചിരിക്കുന്നത്. പവര്‍ വിന്‍ഡോ, റിയര്‍വ്യൂ ക്യാമറ, സണ്‍റൂഫ്, ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങി ഒരു ആഡംബര കാറിന് വേണ്ട എല്ലാ ഫീച്ചറുകളും അനസിന്റെ ലംബോര്‍ഗിനിയില്‍ ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് മുതല്‍ ഫ്‌ളെക്‌സ് വരെ അനസിന്റെ കാറില്‍ ഉപയോഗിച്ചിട്ടുണ്ട്.
നിലവില്‍ പെട്രോളില്‍ ഓടുന്ന ഈ കാര്‍ ഭാവിയില്‍ ഇലക്ട്രിക്ക് കരുത്തിലേക്ക് മാറ്റണമെന്നാണ് അനസിന്റെ ആഗ്രഹം. ഇതിന് ഏകദേശം 50,000 രൂപയോളം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാവങ്ങളുടെ ലംബോര്‍ഗിനിയുടെ ശില്‍പ്പിയായ അനസ് എം.ബി.എ. ബിരുദധാരിയാണ്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അജസും അമ്മ മേഴ്‌സിയും അടങ്ങുന്നതാണ് അനസിന്റെ കുടുംബം