നീർനായ്ക്കൾ നിറയുന്നു. കുളിക്കടവിൽ 12 പേർക്ക് കടിയേറ്റു
നാട്ടിൻ പുറങ്ങളിൽ പുതിയ ഭീഷണിയായി നീർനായ്ക്കൾ മാറുന്നു. കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ ഒരു മാസത്തിനിടെ 12 പേർക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം കുളിക്കടവിൽ ഇറങ്ങിയ എട്ടും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികളെ നീർനായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ചു. ഇതോടെ പുഴയിൽ ഇറങ്ങാൻ നാട്ടുകാർ ഭയപ്പെട്ടു തുടങ്ങി.
കൊടിയത്തൂർ,പൈമ്പാലശേരി, മടവൂർ മേഖലകളിൽ ആയാണ് ആളുകൾക്ക് ഇവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ചാലക്കുടി പുഴയിലും നീർനായ്ക്കളുടെ കടിയേറ്റ് പരുക്കേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
നീർനായ്ക്കൾ പൊതുവേ മനുഷ്യനെ ആക്രമിക്കാറുള്ള ജീവികളല്ല. ചാലക്കുടി സംഭവത്തോടെ ഇതു സംബന്ധിച്ച് വനം വകുപ്പ് പഠനം നടത്തുന്നു എന്ന വിവരം ഉണ്ടായിരുന്നു. കാലിന് താഴേക്കാണ് പലർക്കും കടിയേറ്റത്. ഇത് മത്സ്യമാണെന്ന് കരുതി കടിക്കുന്നതാണെന്ന വിശദീകരണം ഉണ്ടായി. ഇപ്പോൾ നാട്ടിലെ ചെറിയ പുഴകളിലും ഇവയുടെ ആക്രമണം ഭീഷണിയായിരിക്കയാണ്.
സസ്തനികളിലെ ഉപകുടുംബത്തിൽ ഉൾപ്പെടുന്ന ജീവികളാണ് നീർനായ്ക്കൾ. മാംസഭുക്കുകളാണ്. കരയിലും വെള്ളത്തിലും ജീവിക്കും. ഒഴുക്കുവെള്ളത്തിലാണ് കൂടുതലായി കാണുക. മീനിന് പുറമെ തവള ഇഴ ജന്തുക്കൾ ഞണ്ട് ഇവയെല്ലാം ഭക്ഷണമാക്കും.
പതിമൂന്നിനം നീർനായകളെ പൊതുവായി വർഗ്ഗീകരിച്ചിട്ടുണ്ട്. ഇവയിൽ Lutrogale perspicillata, Aonyx cinerea എന്നിവയാണ് സാധാരണയായി കേരളത്തിലെ ജലാശങ്ങളിൽ കാണുന്നത് എന്നാണ് പഠനം.