കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങൾ ശക്തമായി തുടരും
15 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങള്‍ വെരി ഹൈ കാറ്റഗറിയായും 20 ശതമാനത്തിന് മുകളിലുള്ളവ ക്രിട്ടിക്കലായും 25 ശതമാനത്തിന് മുകളിലുള്ളവ ഹൈലി ക്രിട്ടിക്കല്‍ തദ്ദേശ സ്ഥാപനങ്ങളായും വേര്‍തിരിച്ചു. ഈ തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി നിയന്ത്രണങ്ങൾ തുടരും.
ഹൈലി ക്രിട്ടിക്കല്‍ ടി.പി.ആര്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ഹോട്ടല്‍, റസ്റ്റോറന്‍ഡ്, പലചരക്ക് കടകള്‍, പി.ഡി.എസ്, ആശുപത്രി, ഫാര്‍മസികള്‍ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങള്‍ തുറക്കരുത്. ഹോട്ടല്‍, റസ്റ്റോറന്റ്, പലചരക്ക് കടകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ആശുപത്രികളും ഫാര്‍മസികളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ മറ്റെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങാന്‍ പാടില്ല. അവശ്യസേവനങ്ങള്‍ക്ക് ആര്‍.ആര്‍.ടി വളണ്ടിയര്‍മാരുടെ സേവനമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനുമല്ലാതെ തദ്ദേശ സ്ഥാപനങ്ങളുടെ അകത്തേക്കും പുറത്തേക്കും പ്രവശിക്കാന്‍ പാടില്ല. അതിര്‍ത്തികളില്‍ എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ അടച്ച് പോലിസ് നിരീക്ഷണമേര്‍പ്പെടുത്തും.
ക്രിട്ടിക്കല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ആളുകള്‍ അത്യാവശ്യ അവശ്യസേവനങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. ഒത്തുചേരലുകള്‍ അനുവദനീയമല്ല. ഭക്ഷണവും ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടകളും സ്ഥാപനങ്ങളും ആശുപത്രികള്‍, ഫാര്‍മസി തുടങ്ങിയ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും മാത്രമേ പ്രവര്‍ത്തിക്കാവൂ. അനുവദിക്കപ്പെട്ട കടകള്‍ക്ക് വൈകീട്ട് ഏഴുമണിവരേയും ഹോട്ടലുകള്‍ക്ക് രാത്രി ഒന്‍പത് വരേയും പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.
വെരി ഹൈ ടി.പി.ആര്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. വിവാഹ- മരണാനന്തര ചടങ്ങുകളില്‍ 10 പേര്‍ക്ക് വരെ പങ്കെടുക്കാം. ചടങ്ങുകളുടെ വിവരങ്ങള്‍ ജാഗ്രതാ പോര്‍ട്ടലിലെ ഇവന്റ് രജിസ്റ്ററില്‍ നല്‍കണം. അനുവദനീയമായ ഒത്തുചേരലുകള്‍ ഒഴികെയുള്ളവ പാടില്ല. വാണിജ്യസ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയേ പ്രവര്‍ത്തിപ്പിക്കാവൂ. തൊഴില്‍, ഉപജീവനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെയ്യാം. ഹോട്ടലുകളില്‍ വൈകീട്ട് ഏഴുമണിവരെ ഇരുന്ന് ഭക്ഷണം കഴിക്കാം. ഒന്‍പത് മണിവരെ പാര്‍സല്‍ അനുവദനീയമാണ്. എല്ലാ വാണിജ്യസ്ഥാപനങ്ങളും കടകളിലും എസ്.എം.എസ് (സോപ്പ്,മാസ്‌ക്ക്,സാമൂഹിക അകലം) പാലിക്കുന്നുണ്ടെന്ന് ആര്‍.ആര്‍.ടിയും സെക്ടറല്‍ മജിസ്ട്രേറ്റും ഉറപ്പ് വരുത്തും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ രണ്ട് ദിവസമോ അതില്‍ കൂടുതലോ അടച്ചിടേണ്ട തരത്തിലുള്ള നടപടികള്‍ സ്ഥീകരിക്കും.
എല്ലാ ആഴ്ചകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് വെരി ഹൈ ടി.പി.ആര്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങള്‍, ക്രിട്ടിക്കല്‍ ആന്‍ഡ് ഹൈലി ക്രിട്ടിക്കല്‍ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ പ്രഖ്യാപിക്കും. 14 ദിവസത്തേക്കാണ് ഇവിടങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുക. പ്രതിവാര ടി.പി.ആറിലെ മാറ്റമനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ വിഭാഗങ്ങളില്‍ മാറ്റം വരുത്തും. പോലീസ്, സെക്ടറല്‍ മജിസ്ട്രേറ്റ്, താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും. ഏതെങ്കിലും വ്യക്തിയോ സ്ഥാപനങ്ങളോ നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.