പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള അധ്യാപകർക്ക് ഉടൻ നിയമനം
പിഎസ്‌സി നിയമന ശുപാർശ ലഭിച്ച അധ്യാപകർക്ക് സ്‌കൂൾ തുറക്കുന്നതിന് മുമ്പുതന്നെ നിയമനം നൽകുമെന്ന് മുഖ്യമന്ത്രി. നിയമനത്തിന് സ്‌കൂൾ തുറക്കുന്നതുവരെ കാത്തിരിക്കണമെന്ന നിലപാട് സർക്കാർ പുനഃപരിശോധിക്കുമെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
കോവിഡ് കഴിഞ്ഞ് സ്‌കൂൾ തുറന്നാൽ അധ്യാപക നിയമനം എന്നായിരുന്നു സർക്കാർ കഴിഞ്ഞതവണ എടുത്ത നിലപാട്. എന്നാൽ കോവിഡ് നമ്മോടൊപ്പം തന്നെയുള്ളതിനാൽ ഇത് പുനഃപരിശോധിക്കും. 2513 അധ്യാപകരും ലാബ് അസിസ്‌റ്റൻ്റ് തുടങ്ങി അധ്യാപകരടക്കം 3300 പേർ ഇതു പ്രകാരം നിയമനം ലഭിക്കും.
സീനിയോറിറ്റി തർക്കം, പ്രൊമോഷനായവരുടെ അഭാവം എന്നിവ മൂലം റഗുലർ പ്രൊമോഷൻ തടസ്സപ്പെടുന്നവ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് തലവന്മാർക്ക് നിർദേശം നൽകി. ഈ തസ്തികകളെ, പിഎസ്‌സി റാങ്ക് പട്ടിക നിലവിലുള്ള കേഡറിലേക്ക് മാറ്റി നിയമനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിഎസ്‌സി ശുപാർശ അയച്ച ആരുടെയും നിയമനം തടസ്സപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിൽ മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാർ നയം. പ്രതീക്ഷിക്കുന്ന ഒഴിവും മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. നിയമനങ്ങൾ പരമാവധി പിഎസ്‌സി മുഖേന നടത്തണമെന്നതാണ് നയമെന്നും പി സി വിഷ്‌ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.