ലക്ഷ ദ്വീപിനെ കേരള ഹൈക്കോടതി പരിധിയിൽ നിന്നും മാറ്റാൻ നീക്കം
ലക്ഷദ്വീപിലെ നിയമപരമായ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്നും മാറ്റുന്നതായി സൂചന. ഇതിനായുള്ള നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലുള്ള ലക്ഷദ്വീപിനെ കര്‍ണാടക ഹൈക്കോടതിയുടെ കീഴിലേക്ക് മാറ്റാനാണ് നീക്കം. ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ ലക്ഷദ്വീപ് ഭരണകൂടം കേന്ദ്ര സര്‍ക്കാറിന് കൈമാറിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ചുള്ള പ്രതികരിക്കാൻ കേന്ദ്ര സര്‍ക്കാരോ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ് വ്യത്തങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല.
ഭരണപരിഷ്കാരങ്ങള്‍ക്ക് എതിരെ നിരവധി കേസുകള്‍ എത്തിയതിനാലാണ് നീക്കമെന്നും വിവരം. ഈ വര്‍ഷത്തില്‍ മാത്രം 11 റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെ 23 കേസുകളാണ് ലക്ഷദ്വീപിലെ അഡ്മിനിട്രേറ്ററുടെയും പൊലീസിന്റെയും നടപടികള്‍ക്ക് എതിരെ കേരളാ ഹൈക്കോടതിയില്‍ എത്തിയത്. ഇതിനായി ലക്ഷദ്വീപ് അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നും സൂചന. ഭൂമി ശാസ്ത്രപരമായും ഭാഷാപരമായും കേരളം തന്നെയാണ് ലക്ഷദ്വീപിന് അടുത്ത് നില്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാര്‍ലമെന്റാണ്. ഇത് പ്രകാരം തുടക്കം മുതല്‍ തന്നെ ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളെല്ലാം കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്. ലക്ഷദ്വീപ് ഭരണകൂടം ഇത്തരമൊരു ശുപാര്‍ശ നല്കിയിട്ടുണ്ടെങ്കില് പാര്‍ലമെന്റ് ചേര്‍ന്ന് വേണം കേന്ദ്രത്തിന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ഹൈക്കോടതി അധികാരപരിധി മാറ്റണമെന്ന ശുപാര്‍ശ കേന്ദ്രത്തിന് നൽകിയതെന്നാണ് ദേശീയ വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. അതേസമയം, കോടതി വ്യവഹാരങ്ങള്‍ കര്‍ണാടക ഹൈക്കോടതിക്ക് കീഴിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രത്രിഷേധം ഇതിനോടകം തന്നെ ലക്ഷദ്വീപ് ജനങ്ങളില്‍ നിന്നും ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായുള്ള നിയമനടപടികളും അടുത്ത ദിവസങ്ങളില്‍ കേരള ഹൈക്കോടതിയിലേക്ക് വരാനിരിക്കുകയാണ്.