ANNOUNCEMENTSMAIN HEADLINES

എ.ടി.എം കാർഡ് ചെക്ക്, ഗ്യാസ് വില, ലൈസൻസ് … ഏഴുകാര്യങ്ങളിൽ ഇന്നു മുതൽ മാറ്റം

ബാങ്കിങ്, ആദായ നികുതി, പാചകവാതകം,  ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി ഏഴ് സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വരികയാണ്.

സീറോ ബാലന്‍സ് അക്കൗണ്ട് എന്നറിയപ്പെടുന്ന ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖയില്‍ന്നോ എ.ടി.എമ്മുകളില്‍നിന്നോ മാസത്തില്‍ നാല് തവണ മാത്രമായിരിക്കും ജൂലയ് ഒന്നു മുതല്‍ സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയുക. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ബാധകം.

ബാങ്കിന്റെ ബന്ധപ്പെട്ട ശാഖയില്‍നിന്നെന്നപോലെ എടിഎമ്മുകളിലും ഇതര ബാങ്കുകളുടെ എടിഎമ്മുകളിലും നിന്നുള്ള പണം പിന്‍വലിക്കലിന് പുതിയ നിരക്ക് ബാധകമാണ്. അതേസമയം, എസ്ബിഐയിയും എസ്ബിഐ ഇതര ബാങ്ക് ശാഖകളിലും ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ നടത്തുന്ന സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഈ നിരക്ക് ഈടാക്കില്ല.  ശാഖയിലും ഇതര ചാനലുകളിലും ട്രാന്‍സ്ഫര്‍ ഇടപാടുകള്‍ സൗജന്യമായിരിക്കും.

ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫ് മാത്രമായിരിക്കും സൗജന്യമായി ലഭിക്കുക. കൂടുതല്‍ ചെക്ക് ലീഫ് വേണ്ടവര്‍ പണം നല്‍കണം. 10 ചെക്ക് ലീഫിന് 40 രൂപയും ജിഎസ്ടിയും 25 എണ്ണത്തിന് 75 രൂപയും ജിഎസ്ടിയും ഈടാക്കും. അടിയന്തിര ആവശ്യത്തിനുള്ള ചെക്കിന് 10 ലീഫിന് 50 രൂപയും ജിഎസ്ടിയും നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത്തരം നിരക്കുകളൊന്നും ബാധകമല്ല.

കാനറാ ബാങ്കില്‍ ലയിച്ച സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖകളുടെ ഐ.എഫ്.എസ്. കോഡുകള്‍ മാറും. സിന്‍ഡിക്കേറ്റ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ ഇടപാടുകള്‍ സുഗമമാക്കാന്‍ പുതിയ ഐ.എഫ്.എസ്. കോഡുകള്‍ മനസിലാക്കണം.

കഴിഞ്ഞവര്‍ഷം യൂണിയന്‍ ബാങ്കില്‍ ലയിച്ച കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്രാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍  അസാധുവാകും. ഈ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ ഇനിമുതല്‍ ഉപയോഗിക്കേണ്ടത് യൂണിയന്‍ ബാങ്കിന്റെ സുരക്ഷാ സവിശേഷതകളുള്ള ചെക്ക് ബുക്ക്.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആദ്യ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍നിന്ന് ഇരട്ടി ടി.ഡി.എസ് ഈടാക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വര്‍ഷം 50,000 രൂപയ്ക്കു മുകളില്‍ ടി.ഡി.എസ് നല്‍കിയിട്ടും റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കാണ് ഇതു ബാധകം. 2021 ലെ ധനകാര്യ നിയമപ്രകാരം ഇത് ആദായനികുതി ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) സിലിണ്ടറുകളുടെ വില നാളെ മുതല്‍ എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കും. എല്‍പിജി വിലവര്‍ധന സംബന്ധിച്ച് എണ്ണക്കമ്പനികള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വില പരിഷ്‌കരണം നാളെയുണ്ടാകുമെന്നാണ് പരക്കെകരുതപ്പെടുന്നത്.

ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ഇനി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളില്‍ പോവേണ്ടതില്ല. വീട്ടിലിരുന്ന് ഓണ്‍ലൈനായി നേടാം.

ലേണേഴ്‌സ് ലൈസന്‍സിന് അപേക്ഷ നല്‍കി ഏഴുദിവസത്തിനകം ട്രാഫിക് സിഗ്‌നല്‍ പരിചയം, സുരക്ഷിത ഡ്രൈവിങ്, ഡ്രൈവറുടെ ചുമതലകള്‍ എന്നിവ സംബന്ധിച്ച ഓണ്‍ലൈന്‍ വീഡിയോ കാണണം. അപേക്ഷകര്‍ക്കു നല്‍കുന്ന ഐഡി ഉപയോഗിച്ചാണ് വിഡിയോ കാണാന്‍ കഴിയുക. തുടര്‍ന്ന് ഏഴു ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി പരീക്ഷയെഴുതാം. നേരത്തെ കണ്ട വിഡിയോ അടിസ്ഥാനമാക്കിയുളളതായിരിക്കും ചോദ്യങ്ങള്‍. ലേണേഴ്‌സ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം.

ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ചും വലിയ മാറ്റങ്ങളാണു വരുന്നത്. ഡ്രൈവിങ് ടെസ്റ്റിനും ഇനി മോട്ടോര്‍ വാഹന വകുപ്പിന്റെ ടെസ്റ്റ് കേന്ദ്രങ്ങളില്‍ പോകേണ്ടതില്ല. കേന്ദ്ര വാഹനഗതാഗത വകുപ്പ് നിശ്ചയിക്കുന്ന യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള അക്രഡിറ്റഡ് കേന്ദ്രങ്ങളില്‍ ഡ്രൈവിങ് പരിശീലിച്ചവര്‍ക്ക് ഇനി റോഡ് ടെസ്റ്റില്ലാതെ ലൈസന്‍സ് ലഭിക്കും. ഇത്തരം ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളില്‍ ടെസ്റ്റുകള്‍ക്കായി സിമുലേറ്ററുകളും ടെസ്റ്റിങ് ട്രാക്കുകളും ഉണ്ടായിരിക്കണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button