പ്രതികളുടെ ചിത്രമെടുത്ത പത്രപ്രവർത്തർക്ക് അഭിഭാഷകരുടെ മർദ്ദനം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ അശ്രദ്ധമായി കാറോടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കു ഹാജരായ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്റെയും രണ്ടാം പ്രതി വഫ ഫിറോസിന്റെയും ചിത്രമെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനു നേരെ അഭിഭാഷകരുടെ കയ്യേറ്റം.
കെ.എം. ബഷീർ ജോലി ചെയ്തിരുന്ന സിറാജ് ദിനപത്രത്തിന്റെ ഫൊട്ടോഗ്രാഫർ ശിവജിക്കുനേരെയാണു കയ്യേറ്റമുണ്ടായത്. വിചാരണ നടക്കുന്ന തിരുവനന്തപുരം സെഷന്‍സ് കോടതിയിൽനിന്ന് ഇറങ്ങിവരുന്ന പ്രതികളുടെ ചിത്രമെടുക്കുകയായിരുന്നു ശിവജി. ശ്രീറാം വെങ്കിട്ടരാമൻ കാറിൽ കയറിപ്പോയി. തുടർന്ന് വഫ ഫിറോസിന്റെ ചിത്രമെടുക്കവെ അഭിഭാഷകർ ശിവജിയെ കയ്യേറ്റം ചെയ്യുകയായിരുന്നു.
ശിവജിയുടെ അക്രഡിറ്റേഷൻ കാർഡ് പിടിച്ചുവാങ്ങി. മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും ശിവജി, സംഭവസ്ഥലത്തെത്തിയ പൊലീസുകാരുടെ കയ്യിലേക്കു ഫോൺ കൈമാറി. സംഭവസ്ഥലത്ത് എത്തിയ പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിനുനേരെയും അഭിഭാഷകരുടെ ഭാഗത്തുനനിന്ന് കയ്യേറ്റശ്രമമുണ്ടായി.സുരേഷിനെതിരെ മോശമായ വാക്കുകൾ ഉപയോഗിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു.
ശിവജിയും പത്രപ്രവർത്ത യൂണിയൻ നേതാക്കളും പിന്നീട് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അഭിഭാഷകരും പരാതി നൽകിയിട്ടുണ്ട്.
കേസിൽ കുറ്റപത്രം നല്‍കി ഒന്നര വര്‍ഷത്തിനു ശേഷമാണ് വിചാരണയ്ക്കു പരിഗണിക്കുന്നത്. പ്രത്യേക സംഘം സമര്‍പ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ ശ്രീറാമിന്റെ ആവശ്യ പ്രകാരം മജിസ്ട്രേറ്റ് കോടതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ഇതിനു ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്.
2019 ഓഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.പുലർച്ചെ ശ്രീറാം അമിതവേഗതയില്‍ ഓടിച്ച കാര്‍ കെ.എം.ബഷീറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞത്. വാഹന ഉടമയായ വഫ ഫിറോസ് സംഭവം നടക്കുമ്പോള്‍ കാറിൽ ശ്രീറാമിന് ഒപ്പമുണ്ടായിരുന്നു.