MAIN HEADLINES

കരിപ്പൂരിൽ വികസനം സാധ്യമല്ല. പുതിയ വിമാനത്താവളം ആവാമെന്ന് എയർപോർട് അതോറിറ്റി

കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വികസനം വഴിമുട്ടിയതിനാൽ വലിയ വിമാനങ്ങൾക്ക് പുതിയ സ്ഥലം കണ്ടെത്തണമെന്ന് സംസ്ഥാനത്തോട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. റൺവേ വികസനം ചെലവേറിയതാവും. വലിയ വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും നീളംകൂടിയ റൺവേകൾ ആവശ്യമാണ്.

കോഴിക്കോട്ട്‌ 2700 മീറ്റർ റൺവേയാണ് ഉള്ളത്. ഇത് വർധിപ്പിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) കേരള സർക്കാരിനോട് 485 ഏക്കർ ഏറ്റെടുത്തു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇതിന് ഭരണപരമായ അനുമതി നൽകി. എങ്കിലും സ്ഥലം ചുരുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ 152.5 ഏക്കറാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്. അതും ഏറ്റെടുത്ത് കിട്ടിയിട്ടില്ലെന്നും ഉദ്യോഗസ്ഥവൃത്തങ്ങൾ പറഞ്ഞു. ഇക്കാരണത്താൽ റൺവേ വികസനം സാധ്യമല്ലെന്നാണ് എയർപോർട്ട് അതോറിറ്റി മന്ത്രാലയത്തെ അറിയിച്ചിട്ടുള്ളത്.

ഒരു പുതിയ വിമാനത്താവളത്തിനുള്ള സാധ്യത ഇനിയും കേരളത്തിൽ കുറവാണ്. എന്നാൽ വിമാനത്താവളം എന്ന ആശയം കോടികൾ മറിയുന്ന ഇടപാടാണ്. ശബരിമല വിമാനത്താവളവും അനുമതി സംബന്ധിച്ച പ്രശ്നത്തിൽ ഉടക്കി നിൽക്കയാണ്.

വലിയ വിമാനങ്ങളിറങ്ങുന്ന കാര്യത്തിലെ തീരുമാനം കരിപ്പൂർ വിമാനദുരന്തത്തെക്കുറിച്ചു പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വിശദമായി അവലോകനം ചെയ്തശേഷം മതിയെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് പഠിക്കാനും വിമാനത്താവളത്തിലെ ന്യൂനതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും മന്ത്രാലയം വ്യോമയാന സെക്രട്ടറി പ്രദീപ് കുമാർ ഖരോല അധ്യക്ഷനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. രണ്ടു മാസത്തിനുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽമാത്രം വലിയ വിമാനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

വിമാന ദുരന്തത്തെ കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോർട്ടിൽ പൈലറ്റിന്റെ പാളിച്ചയാണ് അപകടത്തിനു പ്രധാന കാരണമെന്നു പറയുന്നുണ്ടെങ്കിലും റൺവേയുടെ വീതിയും നീളവും ചൂണ്ടികാട്ടി വലിയ വിമാനങ്ങൾക്കിറങ്ങാൻ പറ്റിയതല്ല എന്ന വാദം ഉയരും. കരിപ്പൂർ വിമാനത്താവളം ഉണ്ടായ കാലം മുതൽ വികസനത്തിന് എതിരായി നീക്കങ്ങൾ ഉണ്ട്. നെടുംബാശ്ശേരി വിമാനത്താവളം വന്നതോടെ ഇത് വർധിച്ചു. കണ്ണൂരിലും വിമാനത്താവളമയാതോടെ ഇത് മത്സരാധിഷ്ഠിതമായി തീർന്നു. വിമാന ദുരന്തം സംബന്ധിച്ച റിപ്പോർട്ടിൽ പൈലറ്റ് നിലവിലുള്ള റൺവേ പോലും ഉപയോഗിക്കാത്തതായി ചൂണ്ടികാണിച്ചിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button