Uncategorized
രാജ്കുമാറിനെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ നാല് പ്രതികളാണ് ഉള്ളതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ ഒന്നും, നാലും പ്രതികളുടെ അറസ്റ്റ് മാത്രമാണ് നടന്നിട്ടുള്ളത്. മറ്റ് രണ്ട് പ്രതികള്‍ കൂടിയുണ്ട്. ഇവരും പോലീസുകാരാണ്. നാലുപ്രതികളും കൂടി രാജ്കുമാറിനെ അന്യായമായി തടങ്കലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 12 ന് വൈകിട്ട് അഞ്ചുമുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂമായി മര്‍ദ്ദിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
സ്റ്റേഷന് രേഖകളിലടക്കം കൃത്രിമം കാണിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സ്റ്റേഷന് രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്.
രാജ്കുമാറിന്റെ രണ്ട് കാലിലും കാല് പാദത്തിലും അതിക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. തട്ടിയെടുത്തുവെന്ന് പറയുന്ന പണം കണ്ടെത്താനാണ് പോലീസ് അതിക്രൂരമായി രാജ്കുമാറിനെ മര്‍ദ്ദിച്ചത്. കേസിലെ നാലാം പ്രതിയും പോലീസ് ഡ്രൈവറുമായ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ചാണ് രാജ്കുമാറിനെ മര്‍ദ്ദിക്കുന്നത്. ആ സമയത്ത് എസ്.ഐ സാബു ഒപ്പമുണ്ടായിരുന്നിട്ടും മര്‍ദ്ദനം തടയാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ രാജ്കുമാറിനെ സ്റ്റേഷനിലെത്തിച്ച് കാലിലും കാല്‍വെള്ളയ്ക്കും അടിക്കുന്ന സാഹചര്യമുണ്ടായി. കാല് പുറകിലേക്ക് വലിച്ച് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു.
അവശ നിലയിലായിട്ടും രാജ്കുമാറിന് മതിയായ ചികിത്സാ സൗകര്യം നല്‍കിയില്ല. അവശ്യ സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്നാണ് ന്യുമോണിയ ബാധിതനായി രാജ്കുമാര് മരിക്കാനിടയായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിക്കൊണ്ട് പ്രതികളായ പോലീസുകാര്‍ക്കെതിരെ കേസെടുത്തത്. കേസിലെ രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്
Comments