“ഇത് എന്റെ വിമർശനം അല്ല, എന്റെ ഭയമാണ്, ഇത് ഒരു വിമർശനം ആയി നിങ്ങൾ എടുക്കരുത്. ഈ രാജ്യത്തിനെപ്പറ്റി ആശങ്കയുള്ള ഒരു പൗരന്റെ അഭിപ്രായം ആയി കണ്ടാൽ മതി നിങ്ങൾ ഇതിനെ..”
രാഹുൽ സംസാരിച്ചു തുടങ്ങി….
“രണ്ട് ഇന്ത്യ ആണ് ഇന്നുള്ളത്. ഒന്ന് പണക്കാർക്കും, മറ്റൊന്ന് പാവപ്പെട്ടവർക്കും. അധികാരം ഉള്ളവർക്കും, ഇല്ലാത്തവർക്കും. ഒന്ന് ധനികർ, മറ്റേത് ദരിദ്രർ. ഇവർക്കിടയിലുള്ള വിടവ് വളരെ വലുതാണ് . ബിഹാറിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ ഇതുവരെ സംസാരിച്ചില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ തൊഴിലില്ലായ്മയെക്കുറിച്ച് ഒരു വാചകം പോലും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ യുവാക്കൾ ഒന്നാകെ തൊഴിൽ ചോദിക്കുന്നു. എന്നാൽ നിങ്ങളുടെ സർക്കാരിന് ജോലി നൽകാൻ സാധിക്കുന്നില്ല. 2021ൽ മാത്രം മൂന്ന് കോടി യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് ഇന്ത്യ ഇപ്പോൾ അനുഭവിക്കുന്നത് . നിങ്ങൾ മെയ്ഡ് ഇൻ ഇന്ത്യ, മെയ്ഡ് ഇൻ ഇന്ത്യ എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. മെയ്ഡ് ഇൻ ഇന്ത്യ ഇനി സാധ്യമല്ല. നിങ്ങൾ ‘മെയ്ഡ് ഇൻ ഇന്ത്യ’യെ നശിപ്പിച്ചു. ചെറുകിട, ഇടത്തരം വ്യവസായങ്ങളെയാണ് നിങ്ങൾ പിന്തുണക്കേണ്ടത്. അല്ലാത്തപക്ഷം ‘മെയ്ഡ് ഇൻ ഇന്ത്യ’ ഒരിക്കലും സാധ്യമല്ല. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് മാത്രമേ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. നിങ്ങൾ മെയ്ഡ് ഇൻ ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ മുതലായവയെക്കുറിച്ച് മാത്രം നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കുന്നു. തൊഴിലില്ലായ്മ വർദ്ധിക്കുകയാണ്…”
“ഈ രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശം ആണുള്ളത്. പക്ഷേ നിങ്ങൾ അത് സമ്മതിക്കുന്നില്ല. നിങ്ങൾക്ക് ഈ രാജ്യം അടക്കി ഭരിക്കാൻ ആണ് ആവേശം. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു, നിങ്ങൾ ഒരിക്കലും ഈ രാജ്യം അടക്കി ഭരിക്കാൻ പോകുന്നില്ല. അത് നിങ്ങളുടെ ദിവാസ്വപ്നം മാത്രം. ഇന്ത്യ എന്നത് ഒരു സർവാധിപത്യ ഭരണകൂടം നിലവിലുള്ള രാജ്യമല്ല. ഇന്ത്യ എന്നത് യൂണിയൻ ഓഫ് സ്റ്റേറ്സ് ആണ്. അഥവാ അനേകം സംസ്ഥാനങ്ങളുടെ ഏകോപനം കൊണ്ട് സാധ്യമായ ഏകീകൃതമായ രാജ്യം. അതിനെ എന്നെങ്കിലും അടക്കി ഭരിക്കാം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത് അത് ഒരിക്കലും നടക്കാൻ പോകുന്നില്ല എന്നാണ്. ഇന്ത്യയെ സംബന്ധിച്ച് രണ്ട് ദർശനങ്ങളുണ്ട്. ഒന്ന്, ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്, അതായത് ചർച്ചകൾ, സംഭാഷണങ്ങൾ ഒക്കെ നടക്കേണ്ട ഒരു യൂണിയൻ. അതൊന്നും ഇപ്പോൾ ഉണ്ടാവുന്നില്ല. ഈ രാജ്യത്തിന്റെ 3000 വർഷത്തെ ചരിത്രം നിങ്ങൾ പരിശോധിക്കൂ. ഒരിക്കലും, ഒരു ഭരണാധികാരിക്കും ഈ രാജ്യത്തെ അടക്കി ഭരിക്കാൻ സാധിച്ചിട്ടില്ല. എല്ലായ്പ്പോഴും ഈ രാജ്യം അനേകം സംസ്ഥാനങ്ങളുടെ ഏകോപനത്താൽ സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു. നിങ്ങൾ കരുതുന്നത് നിങ്ങൾക്ക് എല്ലാവരെയും അടിച്ചമർത്താം എന്നാണ്. നോക്കൂ, തമിഴ്നാടിന് ഒരു സംസ്ക്കാരം ഉണ്ട്. വ്യത്യസ്തമായ ഒരു സങ്കൽപം ഉണ്ട്. ഒരു സംസ്ഥാനം എന്നനിലയിൽ അവരുടെ ആ വ്യത്യസ്തമായ ഐഡൻറിറ്റി ഉൾക്കൊണ്ട് തന്നെ അവർക്ക് ഇന്ത്യയെപ്പറ്റിയും, ഈ രാജ്യത്തെ പറ്റിയും കൃത്യമായ ബോധമുണ്ട്. അതുപോലെ തന്നെ കേരളവും, ഞാൻ അവിടുത്തെ ജനപ്രതിനിധിയാണ്. കേരളത്തിന് ഒരു സംസ്ക്കാരം ഉണ്ട്, ഒരു അന്തസ് ഉണ്ട്, ചരിത്രം ഉണ്ട്, ജീവിത വഴിയുണ്ട്. അങ്ങനെ അനേകം സംസ്കാരവും ചരിത്രവും ചേരുമ്പോഴാണ് ഇന്ത്യയുണ്ടാവുന്നത്. അതാണ് ഇന്ത്യയുടെ അഴകും കരുത്തും…”
“കേന്ദ്രീകൃതമായ ഒരു വടി കൊണ്ട് ഇന്ത്യയെ അടക്കി ഭരിക്കാം എന്നാണ് നിങ്ങളുടെ ചിന്ത. നിങ്ങൾ അങ്ങനെ ചിന്തിക്കുമ്പോൾ ഇവിടെ രണ്ട് ഇന്ത്യകൾ ഉണ്ടാവുകയാണ്. വിവിധങ്ങളായ സംസ്കാരമുള്ള, ചരിത്രമുള്ള ഒട്ടനേകം സംസ്ഥാനങ്ങളെ വില വെയ്ക്കാതെ, അവരെ ഉൾക്കൊള്ളാതെ, അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകാതെ ഈ രാജ്യം മൊത്തത്തിൽ അടക്കി ഭരിച്ചു കളയാം എന്ന ചിന്ത ഒരിക്കലും നടക്കാത്ത ദിവാസ്വപ്നം മാത്രമാണ്. വ്യത്യസ്തങ്ങളായ പൂക്കളുള്ള ഒരു പൂക്കൂടയെ നിങ്ങൾ സങ്കൽപ്പിക്കുക, അതാണ് ഈ രാജ്യവും ഈ രാജ്യത്തെ സംസ്ഥാനങ്ങളും. അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകാതെ അവരെ അടിച്ചമർത്താൻ ഒരു ശക്തിക്കും ഒരിക്കലും കഴിയുകയില്ല എന്നത് ഞാൻ എടുത്തു പറയാൻ ആഗ്രഹിക്കുന്നു. ഈ രാജ്യത്തെ ഓരോ സംവിധാനങ്ങളെയും നിങ്ങൾ അക്രമിക്കുകയാണ്. തമിഴ്നാടിന്റെ ആശയത്തെ ഈ രാജ്യത്തിന്റെ ആശയങ്ങളിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുകയാണ്. പഞ്ചാബിലെ കർഷകർ 3 വികൃതമായ നിയമങ്ങൾ എടുത്തു മാറ്റാനുള്ള ആവശ്യവുമായി മാസങ്ങളോളം തെരുവിൽ സമരം ചെയ്തു. നിങ്ങൾ അവരെ കേട്ടില്ല. അവരിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു, അവരിൽ പലർക്കും കൊറോണ ബാധിച്ചു, എന്നിട്ടും അവർ പിന്മാറിയില്ല. എന്നിട്ട് ഒടുക്കം എന്തായി, നിങ്ങൾക്ക് നാണംകെട്ട് പിന്മാറേണ്ടി വന്നു. ഈ രാജ്യത്ത് ഇപ്പോൾ ഒരു സർവ്വാധിപതിയായ രാജാവിന്റെ ശബ്ദം മാത്രമേ കേൾക്കാൻ പാടുള്ളൂ എന്നാണ് അവസ്ഥ. എതിർ സ്വരങ്ങളെ ആ രാജാവ് ഒരിക്കലും കാര്യമാക്കുന്നില്ല എന്നതാണ് സ്ഥിതി.
1947 ൽ കോണ്ഗ്രസ് എടുത്തു മാറ്റിയ രാജഭരണം തിരികെ വരാൻ ആണ് നിങ്ങളുടെ ഇപ്പോഴത്തെ ശ്രമം. അത് വിഫലം ആവുകയെ ഉള്ളൂ എന്ന് നിങ്ങളെ ഞാൻ ഓർമ്മിപ്പിക്കുന്നു. നിങ്ങൾ ആരെയും കേൾക്കുന്നില്ല. ബിജെപിയിലെ ആരും ആരെയും കേൾക്കാനോ അഭിപ്രായങ്ങൾ സ്വീകരിക്കാനോ തയ്യാർ ആവുന്നില്ല. 3000 വർഷത്തോളം ആരാണ് ദളിതുകളെ അടിച്ചമർത്തിയത് എന്ന് എന്റെ സുഹൃത്തായ പസ്വാന് അറിയാം. പക്ഷേ അദ്ദേഹം അതിനെപ്പറ്റി ചിന്തിക്കുന്നില്ല. കാരണം, അദ്ദേഹം തെറ്റായ പാർട്ടിയിൽ ആണ് ഉള്ളത് എന്നത് കൊണ്ട്…”
“ഈ രാജ്യത്തെ നിയമ സംവിധാനങ്ങൾ ഓരോന്നായി അക്രമിക്കപ്പെടുകയാണ്. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഔദ്യോഗികമായി, വ്യക്തിപരമായി ഇസ്രയേലിൽ പോയി പെഗാസസ് എന്ന ഡിജിറ്റൽ ആയുധം, വ്യക്തികളെ അവർ അറിയാതെ നിരീക്ഷിക്കാനും ചാരപ്രവർത്തനം നടത്താനുമുള്ള ആയുധം ഇവിടേയ്ക്ക് കൊണ്ടു വരുമ്പോൾ അതുമൂലം ആക്രമിക്കപ്പെടുന്നത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുമാണ്. ഇന്ത്യയുടെ ഒരുമായും ഐക്യവുമാണ്. ഈ ചെയ്യുന്നതിനൊക്കെ നിങ്ങൾക്ക് വലിയ തിരിച്ചടികൾ കിട്ടും. എന്റെ മുതുമുത്തശ്ശൻ ഈ രാജ്യത്തിനു വേണ്ടി 15 വർഷം ജയിലിൽ കിടന്നയാളാണ്. എന്റെ അമ്മൂമ്മ 32 തവണയാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. എന്റെ പ്രിയപ്പെട്ട അച്ഛൻ കഷണങ്ങൾ ആയാണ് ചിതറി തെറിച്ചു പോയത്. എല്ലാം ഈ രാജ്യത്തിന് വേണ്ടിയായിരുന്നു. അവർ ഉയർത്തി പിടിക്കാൻ ശ്രമിച്ച ഈ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇല്ലാതെ ആവുമ്പോൾ ഉള്ള കഠിനമായ വേദന എത്രത്തോളം എന്ന് എനിക്ക് നന്നായി അറിയാം…”
“കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മണിപ്പൂരിൽ നിന്ന് ചില രാഷ്ട്രീയ നേതാക്കൾ എന്റെ അടുക്കൽ വന്നു. അവർ വളരെ അസ്വസ്ഥരായിരുന്നു. അവർ ചില ആവശ്യങ്ങളുമായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിൽ ചെന്നപ്പോൾ അവരോട് ചെരുപ്പ് അഴിക്കാൻആവശ്യപ്പെട്ടു. അപ്പോൾ തങ്ങൾക്ക് വലിയ അപമാനം തോന്നിയെന്ന് അവർ പറഞ്ഞു. എന്നാൽ അകത്ത് അമിത് ഷാ ഷൂ ധരിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങളുമായി ഇടപഴകാനുള്ള വഴി ഇതല്ല. അതിന് എല്ലാവരെയും ഉൾക്കൊള്ളുന്ന മനസ് ഉണ്ടാവണം..”
“റിപ്പബ്ലിക് ദിനത്തിന് നമ്മുടെ രാജ്യം സന്ദർശിക്കാൻ നമുക്കൊരു അതിഥിയെ കിട്ടാത്തത് എന്തുകൊണ്ടെന്ന് നിങ്ങൾ സ്വയം ചോദിക്കുക. കാരണം ഇന്ത്യ ഇന്ന് പൂർണ്ണമായും ഒറ്റപ്പെട്ടതും ചുറ്റപ്പെട്ടതുമായ ഒരു പ്രദേശം ആയി മാറിയിരിക്കുന്നു. നമ്മൾ ദുർബലരായിരിക്കുന്നു. നമ്മുടെ ചുറ്റുവട്ടങ്ങൾ ഓരോന്നായി ആക്രമിക്കപ്പെടുകയാണ്. തങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ചൈനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ചൈനയെയും പാക്കിസ്ഥാനെയും വേറിട്ട് നിർത്തുക എന്നതായിരിക്കണം ഇന്ത്യയുടെ തന്ത്രപരമായ ലക്ഷ്യം. എന്നാൽ നിങ്ങൾ ചെയ്തത് ഫലത്തിൽ അവരെ ഒന്നിപ്പിക്കുക എന്നതാണ്. നമ്മൾ അഭിമുഖീകരിക്കുന്നതിനെ ഒരിക്കലും കുറച്ചുകാണരുത്. ഇത് ഇന്ത്യക്ക് ഗുരുതരമായ ഭീഷണിയാണ്. ജമ്മു കശ്മീരിൽ നിങ്ങൾക്ക് വലുതും തന്ത്രപരമായതുമായ പിഴവ് സംഭവിച്ചു. നിങ്ങൾ ഈ കളിക്കുന്നത് അപകടകരമായ കളിയാണ്. ചരിത്രം അറിയാതെയുള്ള കളിയാണ് നിങ്ങൾ കളിക്കുന്നത്. ഈ കളി നിങ്ങൾ നിർത്തിയില്ലാ എങ്കിൽ വലിയ വില കൊടുക്കേണ്ടി വരും എന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു. ദയവായി, മടങ്ങി പോയി ഒന്ന് തിരിഞ്ഞു നോക്കൂ…ഇന്ത്യ ഇതിനു മുൻപ് ഭരിച്ചവരെ പറ്റി ആഴത്തിൽ പഠിക്കൂ.
അവരെ സൂക്ഷ്ടം ആയി ശ്രദ്ധിക്കൂ. ഒരിക്കലും ഇവിടെ സർവ്വാധിപത്യം ഇല്ലായിരുന്നു. ഉണ്ടായിട്ടില്ല. നിങ്ങൾ ചെയ്യുന്നത് എല്ലാവരെയും അവമതിക്കൽ മാത്രമാണ്. സംസ്ഥാനങ്ങളുടെ യൂണിയൻ ഒരു വശത്തും ഒരു രാജാവിന്റെ വികലമായ കാഴ്ചപ്പാടുകൾ മറുവശത്തും. അതാണ് ഇന്നത്തെ ഇന്ത്യ. ഈ രാജ്യം നിർമ്മിതമായ ഓരോ അടിക്കല്ലുകളെയും നിങ്ങൾ ഇളക്കുകയാണ്…”
“എല്ലായിടത്തും ഇന്ത്യ ഒറ്റപ്പെടുകയാണ്. നമ്മൾ ചുറ്റപ്പെടുകയാണ്. ചൈന, ബർമ, ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, എല്ലായിടത്തും നമ്മൾ ഒറ്റപ്പെടുന്നു. നിങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ശത്രുവിനെ ഒരിക്കലും നിങ്ങൾ കുറച്ചു കാണരുത്. ചൈനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒരു ആശയക്കുഴപ്പവുമില്ലാതെ എനിക്ക് അതൊക്കെ വ്യക്തമായി കാണാൻ കഴിയും. ചൈനയ്ക്ക് ഒരു പദ്ധതിയുണ്ട്. അവരുടെ പദ്ധതിയുടെ അടിത്തറ ഡോക്ലാമിലും ലഡാക്കിലും സ്ഥാപിച്ചിട്ടുണ്ട്. നമ്മൾ അഭിമുഖീകരിക്കുന്നതിനെ ഒരിക്കലും കുറച്ചുകാണരുത്. ഇത് ഇന്ത്യൻ രാഷ്ട്രത്തിന് വളരെ ഗുരുതരമായ ഭീഷണിയാണ്. ജമ്മു കാശ്മീരിൽ നമുക്ക് വലിയ തന്ത്രപരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. നമ്മുടെ വിദേശനയത്തിൽ നമ്മൾ വലിയ തന്ത്രപരമായ തെറ്റുകൾ വരുത്തി, ആ തെറ്റുകൾ നാം തിരുത്തിയില്ലെങ്കിൽ വളരെ വലിയ അപകടത്തിൽ ആണ് നാം അകപ്പെടാൻ പോകുന്നത്. ചൈനയും പാകിസ്ഥാനികളും നമുക്കെതിരെ ഓരോന്നും ആസൂത്രണം ചെയ്യുകയാണെന്ന് വളരെ വ്യക്തമാണ്. അവർ വാങ്ങുന്ന ആയുധങ്ങൾ നോക്കൂ. അവരുടെ പ്രവർത്തനങ്ങൾ നോക്കൂ. അവർ സംസാരിക്കുന്ന രീതി നോക്കൂ. അവർ ആരോടാണ് സംസാരിക്കുന്നതെന്ന് നോക്കൂ. നമ്മൾ ഒരു വലിയ അബദ്ധം ചെയ്തുവെന്ന് പാർലമെന്റിന്റെ ഈ സഭയിൽ ഞാൻ വ്യക്തമായി പറയുന്നു. ചൈനയ്ക്കെതിരെ നമുക്ക് സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
നിങ്ങൾക്ക് ഇതൊന്നും മനസിലാക്കാൻ ഉള്ള അറിവില്ല, അനുഭവങ്ങൾ ഇല്ല. ഒന്നും ഇല്ല…”
“പക്ഷെ, ഞങ്ങൾക്കൊപ്പം ഇവിടെ ഇരിക്കുന്നവരിൽ ആ കഴിവുകൾ ഉള്ളവർ ഉണ്ട്. അവരെ ഉപയോഗപ്പെടുത്തുക. അവർക്ക് രാജ്യത്തെ അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയും. ദുരഭിമാനം വെടിഞ്ഞ് അവരെ നിങ്ങൾ കേൾക്കാൻ തയ്യാറാവുക. കാരണം, നമ്മുടെ രാജ്യം അപകടത്തിലാണ്. പുറത്തു നിന്നും അകത്തു നിന്നും. എനിക്കിത് കണ്ടു നിൽക്കാൻ ആവുന്നില്ല. എന്റെ പ്രിയപ്പെട്ട രാജ്യം അപകടത്തിലാവുന്നത് എന്നെ ആശങ്കാകുലൻ ആക്കുന്നു. സംസ്ഥാനങ്ങൾ തമ്മിൽ കലഹത്തിലാണ്, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ കലഹത്തിലാണ്…”
“നിങ്ങൾ പതിവുപോലെ എന്നെ കളിയാക്കും എന്ന് എനിക്ക് അറിയാം. കാരണം, അത് മാത്രം ചെയ്യാൻ ചെയ്യാൻ ആണ് നിങ്ങളോട് അവർ പറഞ്ഞിരിക്കുന്നത് . അതിൽ എനിക്ക് പ്രശ്നം ഇല്ല. പക്ഷേ, ഞാൻ പറയുന്നത് നിങ്ങൾ ഓർത്തോളണം…”
“ഈ മനോഹരമായ രാജ്യത്തെ നിങ്ങൾ അപകടത്തിൽ ആക്കുകയാണ്…”