“കെ റെയിൽ അനുകൂലികൾ വീട്ടിൽ പ്രവേശിക്കരുത്” മാരാമുറ്റം തെരുവു ഭാഗത്ത് വീടുകളിൽ പോസ്റ്റർ.
കൊയിലാണ്ടി. കെ റെയിൽ വിരുദ്ധ പ്രക്ഷോഭം, കൊയിലാണ്ടിയിലും ശക്തിപ്പെടുന്നു. പദ്ധതിക്കെതിരെ കൊയിലാണ്ടി മാരാമുറ്റം തെരു ഭാഗത്തെ വീടുകളിൽ ഗെയിറ്റിൽ പതിച്ച നോട്ടിസുകളിലാണ് കെ റെയിൽ അനുകൂലികൾക്കും ലഘുലേഖകൾക്കും വിലക്കുള്ളത്. പദ്ധതിയെ അനുകൂലിക്കുന ലഘു ലേഖയുമായി വരുന്നവർക്ക് വീടുകളിലേക്ക് പ്രവേശനമില്ലെന്ന നോട്ടിസ് മിക്ക വീടുകളുടെയും ചുമരിൽ പതിക്കുകയോ ഗെയിറ്റുളിൽ തൂക്കുകയോ ചെയ്തിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള ആശങ്കയിലാണ് പ്രദേശവാസികൾ.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്നവരാണ് മാരാമുറ്റം തെരുവ് നിവാസികൾ . അടുത്തടുത്ത് നൂറോളം വീടുകളാണ് ഇവിടെയുള്ളത്. വളരെ ശാന്തമായ താമസ സ്ഥലവുമാണിത്. ഇതിന് സമീപത്തു കൂടെ കെ റെയിൽ കടന്ന് പോയാൽ മുഴുവൻ കുടുംബങ്ങളും ഒഴിഞ്ഞു പോകേണ്ടിവരും. എത്ര നഷ്ടപരിഹാരം കിട്ടിയാലും ഇത്ര നല്ലൊരു താമസ സൗകര്യം ഈ പ്രദേശത്തുകാർക്ക് ലഭിക്കാനിടയില്ല. റെയിൽവേ സ്റ്റേഷൻ , ബസ്സ് സ്റ്റാന്റ്, താലൂക്കാസ്പത്രി, ദേശീയപാത , എൽ.ഐ.സി. ഓഫീസ്, സ്കൂളുകൾ, വ്യാപാര സമുച്ചയങ്ങൾ , ആരാധനാലയങ്ങൾ , സർക്കാർ ഓഫീസുകൾ, എന്നിവയെല്ലാം മാരാമുറ്റം തെരുവിന് സമീപമാണ്. കൊയിലാണ്ടിയുമായി ബന്ധപ്പെട്ട ചരിത്രത്തിലും ഐതിഹ്യങ്ങളിലും മാരാമുറ്റം തെരുവിന് വലിയ സ്ഥാനമുണ്ട്. ഈ തെരുവിനെ കീറി മുറിച്ച് കൊണ്ട് കെ. റെയിൽ പദ്ധതി പോകുന്നത് ഇവർക്ക് ആലോചിക്കാൻ പോലും കഴിയില്ലെന്ന് പത്രഏജന്റ കുടിയായ തെരുവിലെ താമസക്കാരർ ബാലൻ പറഞ്ഞു.
നിർദ്ദിഷ്ട കെ. റെയിൽ പദ്ധതിയുടെ കൊയിലാണ്ടി നഗരഭാഗത്തെ അലൈൻമെന്റ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. കാട്ടില പീടിക, വെങ്ങളം വഴി , എത്തുന്ന പാത കൊയിലാണ്ടി കൊരയങ്ങാട് മൈതാനത്തിന് സമീപത്തു കൂടിയാണ് വരുന്നതെന്നാണ് അറിയുന്നത്. ബപ്പൻ കാട് അടിപ്പാതവരെയുള്ള സർവെ നമ്പറുകൾ അസാധരണ ഗസറ്റായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർന്ന് റെയിൽവേ സ്റ്റേഷൻ വരെ ഏത് സ്ഥലത്തു കൂടി കെ. റെയിൽ പോകുമെന്ന് വ്യക്തമല്ല. ഗസറ്റ് വിജ്ഞാപനത്തിൽ ഈ മേഖലയിലെ സർവേ നമ്പരുകളില്ല. കൊരയങ്ങാട്ട് മാരാമുറ്റം തെരുവുകളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുക എന്ന് പ്രസിദ്ധീകരിച്ച സർവ്വേ നമ്പരുകളിൽ നിന്ന് വ്യക്തം. അങ്ങിനെയെങ്കിൽ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ്, ടൗൺഹാൾ, സ്റ്റേഡിയം, കൊയിലാണ്ടി ബോയ്സ് എച്ച്.എസ്.എസ് എന്നിവയുടെ ഗതി എന്താവുമെന്ന് കണ്ടറിയണം.
കെ – റെയിൽപാത വരുമ്പോൾ നിലവിലുള്ള മേൽപ്പാലങ്ങളുടെ രൂപ ഘടനയിലും മാറ്റം വരുത്തേണ്ടിവരും. പാളവും മേൽപ്പാലവും തമ്മിൽ ഏഴ് മീറ്ററെങ്കിലും ഉയരവ്യത്യാസം വേണം. അങ്ങനയാണെങ്കിൽ മേൽപ്പാലങ്ങളുടെ ഉയരം വർദ്ധിപ്പിക്കുകയോ പൊളിച്ചു നീക്കേണ്ടി യോ വരും. നന്തി, ചെങ്ങോട്ടുകാവ് , കൊയിലാണ്ടി മേൽപ്പാലങ്ങളെ ഇത് ബാധിക്കും. പാളം മുറിച്ചു കടക്കാൻ 500 മീറ്റർ ഇടവിട്ട് അണ്ടർ പാസ് നിർമ്മിക്കുമെന്നാണ് പദ്ധതിയുടെ വക്താക്കൾ പറയുന്നത്. ബപ്പൻകാട് അടിപ്പാത തന്നെ ശാസ്തീയമായി നിർമ്മീക്കാത്തത് കാരണം മഴ പെയ്താൽ ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല.
കെ.റെയിൽ പദ്ധതിയുടെ അനിശ്ചിതത്വം കൊല്ലം നെല്ലാടി മേപ്പയൂർ റോഡിലേയും, ആനക്കുളം മുചുകുന്ന് റോഡുകളിലേയും റെയിൽവേ മേൽപ്പാല നിർമ്മാണത്തെയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഈ മേൽപ്പാലങ്ങളുടെ രൂപരേഖയിലും മാറ്റം വരുത്തേണ്ടിവരും.