അതിരപ്പിളളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; റോഡ് ഉപരോധിച്ച് നാട്ടുകാർ
അതിരപ്പിളളി കണ്ണൻകുഴിയിൽ അഞ്ചുവയസുകാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. വനാതിർത്തിയോട് ചേർന്നുളള പത്ത് കിലോമീറ്റർ ദൂരത്തിൽ കരിങ്കൽ ഭിത്തി നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വന്യജീവി ആക്രമണങ്ങൾക്കെതിരെ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് അതിരപ്പിളളി വെറ്റിലപ്പാറ പതിമൂന്നിലാണ് നാട്ടുകാർ പ്രതിഷേധം സമരം. വിഷയത്തിൽ കളക്ടർ നടപടി സ്വീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് നാട്ടുകാരുടെ തീരുമാനം. പ്രതിഷേധ സമരത്തിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാറും പങ്കെടുത്തു.
വന്യജീവി ആക്രമണം മൂലം പകൽസമയത്തും പുറത്തിറങ്ങാൻ ഭയമാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് നിരന്തരമായി വന്യജീവി ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെന്ന് അതിരിപ്പിളളി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിക്കുമെന്നാണ് നാട്ടുകാർ അറിയിച്ചിരുന്നത്. ഇതേതുടർന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ ജില്ലാ കളക്ടറോട് വിശദീകരണം തേടി. പ്രതിഷേധക്കാരുമായി ചർച്ച നടത്തി നടപടി സ്വീകരിക്കണമെന്ന് മന്ത്രി കളക്ടർക്ക് നിർദേശം നൽകി. അതിനിടെ മരിച്ച അഗ്നിമിയയുടെ കുടുബത്തിന് സർക്കാർ 10 ലക്ഷം രൂപ 2 ഗഡുക്കളായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മാള പുത്തൻചിറ സ്വദേശിനി ആഗ്നിമിയയാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവ് നിഖിലിനും ബന്ധുവിനും പരുക്ക്പറ്റിയിട്ടുണ്ട്. പരുക്കേറ്റവരെ ചാലക്കുടി സെന്റ്. ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകളാണ് ആഗ്നിമിയ. വൈകിട്ട് ആറരയോടെ കണ്ണംകുഴിയിൽ ഇവരുടെ വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്. ആനയെ കണ്ട് വീട്ടുകാർ ചിതറി ഒടുന്നതിനിടയിൽ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛൻ നിഖിലിലും അപ്പൂപ്പൻ ജയനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുന്‍പ് ആഗ്നിമിയ മരിച്ചിരുന്നു.