DISTRICT NEWS

എം.ജി സർവകലാശാലയിലെ കൈക്കൂലി കേസ്; രണ്ട് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കൂടി തിരുത്തിയെന്ന് സിന്‍ഡിക്കറ്റ് സമിതി കണ്ടെത്തി

 

എംജി സര്‍വ്വകലാശാല കൈക്കൂലി വിവാദത്തില്‍ അറസ്റ്റിലായ പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സിജെ എല്‍സിക്കെതിരെ കൂടുതല്‍ തെളിവ്. രണ്ട് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കൂടി തിരുത്തിയെന്ന് സിന്‍ഡിക്കറ്റ് സമിതി കണ്ടെത്തി. ഇതില്‍ കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ് സമിതി. സര്‍വ്വകലാശാല എംബിഎ വിഭാഗത്തിലാണ് വീഴ്ച്ച കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ജാഗ്രതക്കുറവ് കാട്ടിയ സെക്ഷന്‍ ഓഫീസര്‍ക്കെതിരേയും നടപടിയെടുക്കും. മാര്‍ക്ക് ലിസ്റ്റിനും സര്‍ട്ടിഫിക്കറ്റിനുമായി ഒന്നരലക്ഷം രൂപ സി ജെ എല്‍സി കൈപ്പറ്റിയെന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍. സോഫ്റ്റ്‌വെയറിലേക്ക് മാര്‍ക്കുകള്‍ അപ്ലോഡ് ചെയ്യുന്ന സമയത്താണ് ക്രമക്കേട് നടന്നിട്ടുള്ളത്. എല്‍സിയുടെ യൂസര്‍ ഐഡിയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. കേസില്‍ അറസ്റ്റിലായ സിജെ എല്‍സി ഇപ്പോള്‍ ജയിലിലാണ്. ഏഴായിരം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടികിടക്കുന്നതായും സമിതി കണ്ടെത്തി. ഇവ വിതരണം ചെയ്യാന്‍ പ്രത്യേകം ക്യാമ്പ് നടത്താനാണ് തീരുമാനം
ഇതിനിടെ, എല്‍സിയുടെ യോഗ്യത സംബന്ധിച്ചും നിയമനം സംബന്ധിച്ചും ആരോപണം ഉയർന്നിരുന്നു. 2010 ല്‍ പ്യൂണ്‍ തസ്തികയിലാണ് എല്‍സി സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ഇവര്‍ എസ്.എസ്.എല്‍.സി പോലും പാസായിരുന്നില്ല. എന്നാല്‍ 2016 ല്‍ താഴ്ന്ന തസ്തികയിലുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവര്‍ എസ്.എസ്.എല്‍.സി പ്ലസ് ടു തുല്യത പരീക്ഷകളും എം.ജിയില്‍ നിന്ന് റെഗുലറായി ഡിഗ്രിയും പാസായിട്ടുണ്ടായിരുന്നു. കൈക്കൂലി കേസില്‍ സര്‍വകലാശാലയിലെ രണ്ടു ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. സെക്ഷന്‍ ഓഫീസറെയും അസിസ്റ്റന്‍റ് രജിസ്ട്രാറെയുമാണ് സ്ഥലം മാറ്റിയത്.

 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button