പാകിസ്താനിൽ ഷിയാ പള്ളിയിൽ വൻസ്ഫോടനം; 30 പേർ കൊല്ലപ്പെട്ടു
പാകിസ്താനിൽ ഷിയാ പള്ളിയിൽ വൻസ്ഫോടനം. പെഷാവറിലെ വടക്കുപടിഞ്ഞാറൻ നഗരത്തിൽ വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് ചാവേറാക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തില്‍ 30 പേര് മരിച്ചതായും അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ പത്തോളം പേരുടെ ആരോഗ്യ നില ഗുരുതരമാണ്.
പെഷാവറിലെ ഖിസ്സ ഖ്വാനി ബസാറിലുള്ള ഇമാംഗഢ് കുച്ചാ റിസാൽദാർ ഷിയാ പള്ളിയിൽ വിശ്വാസികൾ പ്രാർത്ഥനയ്ക്കെത്തുമ്പോഴായിരുന്നു ശക്തമായ സ്ഫോടനമുണ്ടായത്. ആയുധധാരികളായ രണ്ട് അക്രമികൾ പള്ളിക്കു പുറത്ത് പൊലീസിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്ന് പെഷാവർ പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ പറഞ്ഞു.
വെടിവയ്പ്പിൽ ഒരു ആക്രമിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്ന അക്രമി ചാവേറാകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പരിക്കേറ്റവരെ പ്രദേശത്തെ ലേഡി റീഡിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനം. മോട്ടോര്‍ സൈക്കിളിലും സ്വകാര്യ വാഹനങ്ങളിലുമായിരുന്നു പരിക്കേറ്റവരെ ആദ്യഘട്ടത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പെഷവാര്‍ പ്രാദേശിക ഭരണകൂടമാണ് സ്ഫോടനം ചാവേര്‍ ആക്രമണമാണെന്ന് സ്ഥിരീകരിക്കുന്നത്. അക്രമികള്‍ പള്ളിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി അറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് ബോംബുധാരിയായ വ്യക്തി പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പെഷവാര്‍ ആക്രമത്തെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അപലപിച്ചു.