DISTRICT NEWS

തലചായ്ക്കാനിടമില്ലാത്തവര്‍ക്ക് വനിതാദിനത്തില്‍ അദ്ധ്യാപികയുടെ സമ്മാനം

കോഴിക്കോട്: ലോക വനിതാ ദിനത്തിൽ തലചായ്ക്കാനിടമില്ലാത്തവര്‍ക്ക് വീടുകെട്ടാന്‍ മണ്ണൊരുക്കി അദ്ധ്യാപികയുടെ വനിതാദിന സമ്മാനം വ്യത്യസ്തമാകുന്നു. കൊയിലാണ്ടി കീഴരിയൂര്‍ പഞ്ചായത്തിലെ റിട്ട.അദ്ധ്യാപിക വി. രാധ എന്ന രാധമ്മയാണ് പിതാവില്‍ നിന്ന് വീതമായി കിട്ടിയ തലക്കുളത്തൂര്‍ പഞ്ചായത്തിലെ പതിനെട്ടേകാല്‍ സെന്റ് സ്ഥലം പാവപ്പെട്ടവര്‍ക്കായി ദാനം നല്‍കിയത്. ഇന്നലെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് സമ്മതപത്രം കൈമാറി. തലക്കുളത്തൂര്‍ പഞ്ചായത്തിലെ മുപ്പതോളം വരുന്ന ഭവനരഹിതര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഫ്ലാറ്റ് പണിയാന്‍ രാധമ്മ നല്‍കിയ ഭൂമി ഉപയോഗിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രമീള പറഞ്ഞു.

ഭൂമിയില്ലാത്തതിനാല്‍ വീടെന്ന മോഹം പൂവണിയാത്തവരുടെ സങ്കടം പത്രങ്ങളിലും മറ്റും കാണുന്പോൾ മനസ്സ് നോവുമായിരുന്നെന്ന് രാധമ്മ പറയുന്നു. ഭൂമിയുണ്ടെങ്കില്‍ വീടുവച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ടെന്നറിഞ്ഞ് മക്കളുടെ അനുവാദത്തിന് കാത്തുനില്‍ക്കാതെയാണ് ഭൂമിദാനത്തിന് രാധമ്മ തീരുമാനിച്ചത്. താമസിക്കാന്‍ വീടും ചുറ്റും സ്ഥലവുമുണ്ട്. മക്കള്‍ക്ക് ജോലിയും ജീവിത സൗകര്യവുമുണ്ട്. അപ്പോള്‍ പിന്നെ തനിക്കായി പിതാവ് കരുതിവച്ച ഭൂമി അര്‍ഹതയുള്ളവര്‍ക്ക് ഉപകാരമാവട്ടെയെന്ന് കരുതിയെന്ന് രാധമ്മ പറഞ്ഞു.

കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു രാധമ്മ. പൊതുപ്രവര്‍ത്തകനും ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ഇ.കെ. ദാമു നായരാണ് ഭര്‍ത്താവ്. നാലുമക്കളുണ്ട്. പിതാവ് ടി. രാഘവന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button