MAIN HEADLINES

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം

ന്യൂഡൽഹി: 32 വർഷത്തെ തടവും നല്ല നടപ്പും പരിഗണിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേന്ദ്രസ‍ർക്കാ‍‍ർ എതിർത്തെങ്കിലും ജസ്റ്റിസ് എൽ.നാഗേശ്വര റാവു, ജസ്റ്റിസ് ബി.എൽ.ഗവായ് എന്നിവരടങ്ങുന്ന ബഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

രാജീവ് വധക്കേസിൽ പേരറിവാളന് നേരിട്ട് പങ്കില്ലെന്നും, മറ്റു പലരും പറഞ്ഞതനുസരിച്ച് ബോംബുണ്ടാക്കുന്നതിന് വേണ്ടിയുള്ള ബാറ്ററി പേരറിവാളൻ വാങ്ങി നൽകുകയായിരുന്നു എന്നുമായിരുന്നു റിപ്പോർട്ട്. അതുകൊണ്ട് തന്നെ പേരറിവാളൻ ഇത്രയധികം ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന ഒരു പൊതുവികാരം തമിഴ്നാട്ടിൽ ഉയർന്നു വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ പേരറിവാളൻ വധക്കേസിൽ ഉൾപ്പെട്ടത് അറിഞ്ഞു കൊണ്ടല്ല എന്നുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയും പുറത്തു വന്നിരുന്നു.

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന 7 പ്രതികളേയും വിട്ടയക്കണമെന്ന ആവശ്യം കഴിഞ്ഞ അണ്ണാ ഡി.എം.കെ സർക്കാർ ഗവർണറുടെ മുന്നിൽ വെക്കുകയും ഗവർണർ അത് തള്ളുകയും ചെയ്തിരുന്നു. പിന്നീട് ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നപ്പോഴും ഈ ഏഴ് പേരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഗവർണർ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുപ്രീം കോടതി പേരറിവാളന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

പേരറിവാളന് ജാമ്യം ലഭിക്കുന്നതോടെ നളിനി ഉൾപ്പെടെയുള്ള മറ്റു പ്രതികളും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button