അത്യന്തം അപകടകരമായ മാധ്യമ അന്തരീക്ഷമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയനീരീക്ഷകനുമായ എൻ പി ചെക്കുട്ടി
കോഴിക്കോട്: ധാർമികതയിൽ അടിയുറച്ച നിലപാടും സത്യസന്ധമായ റിപോർട്ടിങ്ങും മാധ്യമ പ്രവർത്തകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാവുന്ന അത്യന്തം അപകടകരമായ മാധ്യമ അന്തരീക്ഷമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയനീരീക്ഷകനുമായ എൻ പി ചെക്കുട്ടി അഭിപ്രായപ്പെട്ടു. ഇതിന് ഉദാഹരണമാണ് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ. പത്രസ്ഥാപനം അയാളെ റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെടുത്തിയത് സുപ്രീം കോടതി വാർത്തകളാണ്. ഇന്ത്യയിൽ യു എ പി എ ചുമത്തി വിചാരണയില്ലാതെ തടവിലാക്കപ്പെടുന്നവർ 90 ശതമാനവും ഒരു പ്രത്യേക മതത്തിൽ പെട്ടവരാണ്. കാപ്പൻ അത്തരം കേസ്സുകളുടെ വിശദാംശങ്ങളാണ് പുറത്തു കൊണ്ടുവന്നത്. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്, ഒരു പ്രത്യേക സമുദായത്തിൻ്റെ കേസ്സിലാണ് കാപ്പൻ താല്പര്യം കാണിക്കുന്നത് എന്നാണ്. കേസ്സുകൾ 90 ശതമാനവും ഒരു പ്രത്യേക സമുദായത്തെപ്പറ്റിയാകുമ്പോൾ അവരെപ്പറ്റിയുള്ള കോടതി നടപടികളല്ലേ റിപ്പോർട്ട് ചെയ്യേണ്ടി വരിക? അത് യു എ പി എ ചുമത്താനുള്ള കാരണമാകുന്നതെങ്ങിനെയാണ്? അദ്ദേഹം ചോദിച്ചു. നടുവണ്ണൂരിൽ ഐ ആർ എം യു (ഇന്ത്യൻ റിപോർട്ടേഴ്സ് & മീഡിയ പേഴ്സൺൻസ് യൂനിയൻ) ജില്ലാ സമ്മേളനത്തിൻ്റെ രണ്ടാം ദിവസത്തെ മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ വി ബാലകൃഷ്ണൻ മോഡറേറ്ററായിരുന്നു. ദേവരാജ് കന്നാട്ടി അദ്ധ്യക്ഷനായിരുന്നു.കെ പി അഷറഫ്, ഉസ്മാൻ അഞ്ചുകുന്ന്, ഇല്ലത്ത് പ്രകാശൻ, യു ടി ബാബു, ദീപേഷ് ബാബു എന്നിവർ സംസാരിച്ചു. എൻ പി അനുരൂപ് സ്വാഗതവും രാഗേഷ് ഐക്കൺ നന്ദിയും പറഞ്ഞു.