കെ എസ് ആര്‍ ടി സിയുടെ ‘ഗജരാജ്’ നിരത്തിലേക്ക്
കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തിലാദ്യമായി കിടന്ന് യാത്ര ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസുകളുടെ സര്‍വിസ് ആരംഭിക്കുന്നത് ബംഗളൂരു റൂട്ടിലാണ്. ഇതോടെ ഉത്സവ സീസണുകളില്‍ സ്വകാര്യ ബസുകളുടെ കഴുത്തറപ്പന്‍ നിരക്കില്‍നിന്നും വാരാന്ത്യങ്ങളിലെ ഉയര്‍ന്ന യാത്രനിരക്കില്‍നിന്നും ബംഗളൂരു മലയാളികള്‍ക്ക് മോചനമാകും.
ഏപ്രില്‍ 11 മുതല്‍ തിരുവനന്തപുരം- ബംഗളൂരു, എറണാകുളം -ബംഗളൂരു തുടങ്ങിയ റൂട്ടുകളില്‍ ആരംഭിക്കുന്ന സ്ലീപ്പര്‍ ബസ് സര്‍വിസുകളുടെ റിസര്‍വേഷന്‍ www.online.keralartc.com എന്ന വെബ് സൈറ്റിലും enteksrtc എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും വ്യാഴാഴ്ച വൈകീട്ട് അഞ്ചു മുതലാണ് ആരംഭിച്ചത്.
വരും ദിവസങ്ങളില്‍ കോഴിക്കോട്-ബംഗളൂരു റൂട്ടിലെയും മറ്റു ഭാഗങ്ങളിലേക്കുമുള്ള സ്വിഫ്റ്റിന് കീഴിലുള്ള പുതിയ എ.സി സെമി സ്ലീപ്പര്‍ ബസുകളുടെ ഉള്‍പ്പെടെ റിസര്‍വേഷന്‍ ആരംഭിക്കും.
ഏപ്രില്‍ 11ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ബംഗളൂരുവിലേക്കുള്ള സ്ലീപ്പര്‍ ബസ് സര്‍വിസിന്‍റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. 12ന് വൈകീട്ട് മൂന്നിന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ ബംഗളൂരുവില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള സ്ലീപ്പര്‍ ബസ് സര്‍വിസിന്‍റെ ഫ്ലാഗ് ഓഫ് കേരള ഗതാഗത മന്ത്രി ആന്‍റണി രാജു നിര്‍വഹിക്കും. കേരള ആര്‍.ടി.സി എം.ഡി. ബിജു പ്രഭാകര്‍ പങ്കെടുക്കും.
കേരള ആര്‍.ടി.സി വൈകിയാണെങ്കിലും ഇപ്പോള്‍ സ്ലീപ്പര്‍ ബസ് സര്‍വിസ് ആരംഭിക്കുന്നത് മികച്ച തീരുമാനമാണെന്നും സ്വകാര്യ ബസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നുമാണ് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നത്. ആനവണ്ടിയെന്ന വിളിപ്പേരിന് സമാനമായി ‘ഗജരാജ്’ എന്നാണ് എ.സി സ്ലീപ്പര്‍ ബസുകളുടെ പേര്.
ബംഗളൂരു റൂട്ടിലേക്കുള്ള സ്ലീപ്പര്‍ ബസുകള്‍ അവധിക്കാലത്ത് യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകുമെന്നും 12,13 തീയതികളില്‍ കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ കഴിയുമെന്നും ബംഗളൂരു കേരള ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.