MAIN HEADLINES
സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമാക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി
ആഗസ്റ്റ് 15 ന് എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വിവിധ പരിപാടികളോടെ നടത്താന്‍ കലക്ടര്‍ സീറാം സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കോഴിക്കോടിന്റെ പ്രൗഢിയും ഗാംഭീര്യവും വിളിച്ചോതുന്ന തരത്തിലുള്ള വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ജില്ലാതല സ്വാതന്ത്ര്യദിന പരേഡ് രാവിലെ 8.30ന് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കും. അനുബന്ധ പരിപാടിയായി ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി, എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.
സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സല്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ ആഗസ്റ്റ് 12,13,14 തിയതികളിലായാണ് നടക്കുക. ഡ്രസ് റിഹേഴ്സല്‍ 14ന് നടക്കും. സായുധസേന, ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്സൈസ്, ഫോറസ്റ്റ്, എന്‍സിസി ആര്‍മി, എന്‍സിസി സീനിയര്‍ ഗേള്‍സ്, സീനിയര്‍/ജൂനിയര്‍ എന്‍സിസി നേവി, എന്‍സിസി ജൂനിയര്‍ ബോയ്സ്, ഗേള്‍സ്, സ്‌കൗട്ട്സ്, ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, എന്നിവയുടെ പ്ലാറ്റുണുകള്‍ കേന്ദ്രീയ വിദ്യാലയ, ചിന്‍മയ വിദ്യാലയ ബാന്റ് സംഘം എന്നിവ പരേഡില്‍ അണിനിരക്കും. ഹരിത പെരുമാറ്റ ചട്ടം കര്‍ശനമായി പാലിച്ചാണ് ഇത്തവണയും ജില്ല സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുന്നത്. ആഘോഷ പരിപാടികളില്‍ സ്വാതന്ത്ര്യ സമരസേനാനികളും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സബ് കലക്ടര്‍ വി വിഘ്നേശ്വരി, അസി. കലക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം റോഷ്നി നാരായണന്‍, കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.കെ ജമാലുദ്ദീന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments