ജനശതാബ്ദിയുടെ എസി കോച്ചില്‍ എലിവിഷത്തിന്റെ ദുർഗന്ധം മാറാന്‍ പെര്‍ഫ്യൂം അടിച്ചു; ശ്വാസം മുട്ടി യാത്രക്കാര്‍
കൊച്ചി: ജനശതാബ്ദിയുടെ എസി കോച്ചില്‍ എലിവിഷത്തിന്റെ ദുർഗന്ധം മാറാനായി പെര്‍ഫ്യൂം അടിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടി യാത്രക്കാര്‍. വെള്ളിയാഴ്ച തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ജനശതാബ്ദി തീവണ്ടിയുടെ എ സി സി3 കമ്ബാര്‍ട്ട്മെന്റിലാണ് സംഭവം. എ സി കോച്ചില്‍ എലിവിഷത്തിന്റെ ദുര്‍ഗന്ധം അനുഭവപ്പെട്ടത് യാത്രക്കാരിലൊരാള്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ വന്ന് എയര്‍ ഫ്രഷ്നര്‍ അടിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. ഉറക്കത്തിലായിരുന്ന മറ്റ് യാത്രക്കാരില്‍ പലരും ഇതറിഞ്ഞില്ല. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് മറ്റൊരു കോച്ചിലേക്ക് മാറി. ഇദ്ദേഹം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി പരാതിയും നല്കി.
തീവണ്ടിയില്‍ കയറിയപ്പോള്‍ മുതല്ക്കേ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം ജീവനക്കാരെ അറിയിച്ചപ്പോഴാണ് എലിവിഷത്തിന്റെതാണെന്ന് അറിഞ്ഞതെന്ന് യാത്രക്കാരന് കെ കെ വിനോദ്കുമാര്‍ പറഞ്ഞു. പ്രശ്നം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ എയര്‍ ഫ്രഷ്നര്‍ അടിച്ചു. എലിവിഷത്തിന്റെ നാറ്റത്തിനുമേല്‍ രൂക്ഷമായ പെര്‍ഫ്യൂം ഗന്ധം കൂടിയായപ്പോള്‍ ശ്വാസം മുട്ടുന്ന സ്ഥിതിയായി എന്നും അദ്ദേഹം പറഞ്ഞു.
ഇതേത്തുടര്‍ന്ന് ടിക്കറ്റ് എക്സാമിനറുടെ നിര്‍ദേശപ്രകാരം കണ്ട്രോള് റൂമില്‍ വിളിച്ച് കാര്യം പറഞ്ഞു. തീവണ്ടി ആലപ്പുഴയില്‍ എത്തിയപ്പോള്‍ തീവണ്ടി ശുചീകരണ തൊഴിലാളികള്‍ എത്തി വീണ്ടും എയര്‍ ഫ്രഷ്നര്‍ അടിക്കുകയായിരുന്നുവെന്ന് വിനോദ്കുമാര്‍ പറഞ്ഞു.അതേസമയം ജനശതാബ്ദിയില്‍ നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.