CRIME
ആസിഡ് ആക്രമണം: പ്രതി വിദേശത്തേക്ക് കടന്നതായി സംശയം
മുക്കം :കാരശേരി ആനയാംകുന്നിൽ യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായി സംശയം. മുൻ ഭർത്താവ് മാവൂർ തെങ്ങിലക്കടവ് സ്വദേശി സുഭാഷാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ സ്വപ്ന പൊലീസിന് മൊഴി നൽകിയിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന ഇയാൾ നാട്ടിലെത്തിയതായി വീട്ടുകാർ ഉൾപ്പെടെ ആർക്കും വിവരമില്ല. യുവതിയെ കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെ ഗൾഫിൽനിന്ന് എത്തിയ ഇയാൾ ഇവർ ജോലി കഴിഞ്ഞ് വരുന്ന വഴിയിൽ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
സംഭവം നടന്നയുടൻ ഇയാൾ വിദേശത്തേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇയാൾക്കായി ലുക്ഔട്ട് നോട്ടീസ് ഇറക്കുമെന്ന് മുക്കം പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് ആറോടെ ആനയാത്ത് ക്ഷേത്രത്തിനടുത്ത കോളനി പരിസരത്തുവച്ചാണ് യുവതിയെ അക്രമിച്ചത്. ഗോതമ്പ്റോഡിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കിൽ റിസപ്ഷനിസ്റ്റാണ്യ സ്വപ്ന. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതി അപകടനില തരണംചെയ്തു.
Comments