DISTRICT NEWSTHAMARASSERI
ചുരത്തിൽ മൂന്നിടത്ത് അപകടം
താമരശേരി: മഴ കനത്തതോടെ ചുരത്തില്‍ അപകട പരമ്പര. ചൊവ്വാഴ്ച മൂന്നിടത്താണ് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്നോടെ ഏഴാം വളവില്‍ എതിരെവന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് ലോറി ഡ്രെയിനേജിൽ പതിച്ച് ഏറെനേരം ഗതാഗതം മുടങ്ങി. പിന്നീട് ഒറ്റ വരിയായി വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചു. അടിവാരത്തുനിന്ന് ക്രെയിനെത്തിച്ച് ഏറെനേരത്തെ ശ്രമഫലമായി ലോറി മാറ്റി പകൽ 12 ഓടെയാണ് ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.
പന്ത്രരയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേവായൂര്‍ സ്വദേശിക്ക് പരിക്കേറ്റു. സംരക്ഷണ സമിതി പ്രവര്ത്തകന് ഉടന്‍ കോഴിക്കോട് സഹകരണ ഹോസ്പിറ്റലിലെത്തിച്ചു.
വൈകിട്ട് നാലിന് ചുരം ഇറങ്ങുകയായിരുന്ന ഇന്നോവ കാറിന് പിന്നില്‍ അമിത വേഗത്തിലെത്തിയ ടിപ്പറിടിച്ചു. നിയന്ത്രണം വിട്ട ഇന്നോവ എതിരെ വന്ന പിക്കപ്പിലിടിച്ച് നിന്നു. ടിപ്പറിനും പിക്കപ്പിനുമിടയില്‍ പെട്ട ഇന്നോവയിലുള്ളവര്‍ പരിക്കേല്‍ക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
Comments