91 ഇ-ചാര്‍ജിങ് കേന്ദ്രങ്ങളുടെ ഉദ്‌ഘാടനം നാളെ
കണ്ണൂര്‍ :പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍പേര്‍ തയ്യാറായതോടെ ജില്ലയില്‍ ഓട്ടോകള്‍ക്കും ഇരുചക്ര വാഹനങ്ങളും ചാര്‍ജ് ചെയ്യുന്നതിനുള്ള 91 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സെന്ററുകള്‍ സജ്ജമായി.നാലുചക്ര വാഹനങ്ങള്‍ക്കുള്ള രണ്ട് ചാര്‍ജിങ് സ്‌റ്റേഷനുകളും പൂര്‍ത്തിയായി. ഇതില്‍ ചൊവ്വ സ്‌റ്റേഷനില്‍ നേരത്തെ ചാര്‍ജിങ് തുടങ്ങിയിരുന്നു. 91 പോള്‍ മൗണ്ടഡ് ചാര്‍ജിങ് പോയിന്റുകളുടെയും കണ്ണൂര്‍ 33 കെ വി സബ്‌സ്‌റ്റേഷനിലെ ചാര്‍ജിങ് സ്‌റ്റേഷനും തിങ്കളാഴ്‌ച തുടങ്ങും. നാലുചക്ര വാഹനങ്ങള്‍ക്കുള്ള 56 ചാര്‍ജിങ് സ്‌റ്റേഷനാണ് ജില്ലയില്‍ സ്ഥാപിക്കുന്നത്.
കണ്ണൂര്‍ ടൗണിലെ ഫാസ്‌റ്റ് ചാര്‍ജിങ് സ്‌റ്റേഷന്‍ 202 കിലോ വാട്ട് സ്ഥാപിത ശേഷിയുള്ളതാണ്. ഒരേസമയം ആറ് കാര്‍ ചാര്‍ജ് ചെ യ്യാം. സ്വയം ചാര്‍ജ് ചെയ്യാവുന്ന രീതിയിലാണ് സ്‌റ്റേഷന്‍ സജ്ജീകരിച്ചത്. 142, 20 കിലോവാട്ട് ശേഷിയുള്ള നാല് ഫില്ലിങ് യൂണിറ്റുകള്‍. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 60 മുതല്‍ 90 മിനിറ്റ് സമയം വേണം. ഭാഗികമായോ നിശ്‌ചിത തുകയ്‌ക്കോ ചാര്‍ജ് ചെയ്യാം.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ‘ചാര്‍ജ് മോഡ്’ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ് ചാര്‍ജ് ചെയ്യേണ്ടത്. ആപ്ലിക്കേഷനില്‍ നിരവധി പ്ലാനുകള്‍ ഒരുക്കിയിട്ടുണ്ട്. ഇത് സെലക്‌ട് ചെയ്ത് സെന്ററിലെ സ്കാനറില്‍ സ്കാന്‍ ചെയ്താല്‍ ഓട്ടോമാറ്റിക്കായി ചാര്‍ജ് ചെയ്യാം. ഒരുമാസത്തേക്ക് 400 രൂപവരെയുള്ള പ്ലാനുകളുണ്ട്. തിങ്കള്‍ രാവിലെ ഒമ്പതിന് മയ്യില്‍ ടൗണില്‍ ചാര്‍ജിങ് ശൃംഖല വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം വി ഗോവിന്ദന്‍ അധ്യക്ഷനാകും.