Uncategorized

പ്രവാസിയുടെ ദുരൂഹ മരണം; മുഖ്യസൂത്രധാരനെ പൊലീസ് തിരിച്ചറിഞ്ഞു

പെരിന്തൽമണ്ണ: ഗൾഫിൽ നിന്ന് തിരിച്ചു വരവെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ, പ്രവാസിയായ അബ്ദുൾ ജലീലിന്റെ കൊലയാളികളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. മര്‍ദിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയെ പോലീസ് വൃത്തങ്ങൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. യഹിയ എന്നയാളാണ് അക്രമി സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട പ്രവാസി അബ്ദുള്‍ ജലീലിനെ ഇയാള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസിന് സൂചന ലഭിച്ചു. കൊലപാതകത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് തന്നെയാണ് പൊലീസ് ഉറപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും മറനീക്കി പുറത്തുവരാനുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.

ഈ മാസം 15നാണ് ജലീല്‍ നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ എത്തിയെന്നും വീട്ടിലേക്ക് വരാന്‍ വൈകുമെന്നും ഫോണില്‍ വിളിച്ചറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പിന്നീട് ജലീലിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിനാല്‍ പൊലീസ് കേസെടുക്കാൻ വിമുഖത കാണിച്ചിരുന്നു. പിറ്റേന്ന് വീട്ടുകാരോട് പരാതി പിന്‍വലിക്കാന്‍ ഫോണിൽ ജലീല്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ജലീലിനെ ആശുപത്രിയിലെത്തിച്ചതായി അജ്ഞാതന്റെ നെറ്റ്കോള്‍ ലഭിച്ചെന്നും വീട്ടുകാര്‍ പറയുന്നു. ജലീലിന്റെ ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ പാടുകളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിരുന്നു. അട്ടപ്പാടി അഗളി സ്വദേശിയാണ് കൊല്ലപ്പെട്ട ജലീല്‍. ഈ മാസം 15 നാണ് പെരിന്തല്‍മണ്ണ ആക്കപറമ്പില്‍ ജലീലിനെ പരുക്കുകളോടെ കണ്ടെത്തിയത്. തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനും മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ശരീരമാസകലം ബ്ലേഡ് കൊണ്ട് വരഞ്ഞതുപോലെ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button