SPECIAL

വടക്കു പെരുമാളും കൊട്ടിയൂരും. പ്രകൃതി പുരുഷ സങ്കല്പത്തിന്റെ വിചിത്രമായ ആവിഷ്കാര രൂപങ്ങൾ

 

” കൊട്ടിയൂരിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടും സുന്ദരമായ പുരാവൃത്തങ്ങൾ പ്രചരിച്ചിട്ടുണ്ട്.സതീപരമേശ്വരന്മാർ മധുവിധു ആഘോഷിച്ച സ്ഥലമാണിവിടമെന്നും ആദ്യരാത്രിയിൽ ശിവഭഗവാന് പാല് കുറുക്കിക്കൊടുക്കുന്നതിന് പാർവതി അടുപ്പു കൂട്ടിയത് മൂന്ന് കുന്നുകളെ വെച്ചായിരുന്നു എന്നുമാണ് ഐതീഹ്യം. കുന്നുകളെ അടുപ്പുകളാക്കി പാൽ കുറുക്കുന്നതിനിടയിൽ ഇരുവരും രാസലീലകളിലാറാടിയെന്നും രതിക്രീഡകൾക്കിടയിൽ പാല് തിളച്ചുമറിഞ്ഞ് കീഴ്പ്പോട്ടൊഴുകിയെന്നും അങ്ങിനെയാണ് പാലരുവിയും പാൽച്ചുരവുമൊക്കെ ഉണ്ടായതെന്നും കഥയുണ്ട് “

 

കൊട്ടിയൂർ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ ഇളനീർ വെപ്പ് ഇന്നാണ്(ശനി). ആദിവാസികൾക്കും വിവിധ ജാതി വിഭാഗങ്ങൾക്കും ആചാരപരമായ അവകാശങ്ങളും ചുമതലകളും ഉള്ള വന-ജല- ക്ഷേത്രമാണ് കൊട്ടിയൂർ. ക്ഷേത്രവും അവിടത്തെ വിചിത്രമായ ചടങ്ങുകളും കേരളത്തിലെ പൊതുവായ ആരാധനാ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പുരാവൃത്തത്തേയും ചരിത്രത്തേയും ഇഴകീറിയെടുത്ത് വിശകലനം ചെയ്യാനായാൽ പശ്ചിമഘട്ട വനമേഖലയുടെ വടക്കൻ പ്രദേശങ്ങളിൽ ജനപഥങ്ങൾ വികസിച്ചതിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശാൻ ഒരു പക്ഷേ സാധിച്ചൂ എന്ന് വരാം..

കൊട്ടിയൂരിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടും സുന്ദരമായ പുരാവൃത്തങ്ങൾ പ്രചരിച്ചിട്ടുണ്ട്.സതീപരമേശ്വരന്മാർ മധുവിധു ആഘോഷിച്ച സ്ഥലമാണിവിടമെന്നും ആദ്യരാത്രിയിൽ ശിവഭഗവാന് പാല് കുറുക്കിക്കൊടുക്കുന്നതിന് പാർവതി അടുപ്പു കൂട്ടിയത് മൂന്ന് കുന്നുകളെ വെച്ചായിരുന്നു എന്നുമാണ് ഐതീഹ്യം. കുന്നുകളെ അടുപ്പുകളാക്കി പാൽ കുറുക്കുന്നതിനിടയിൽ ഇരുവരും രാസലീലകളിലാറാടിയെന്നും രതിക്രീഡകൾക്കിടയിൽ പാല് തിളച്ചുമറിഞ്ഞ് കീഴ്പ്പോട്ടൊഴുകിയെന്നും അങ്ങിനെയാണ് പാലരുവിയും പാൽച്ചുരവുമൊക്കെ ഉണ്ടായതെന്നും കഥയുണ്ട് .

വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന മഹാദേവ പ്രധാനമായ ക്ഷേത്രമാണ് കൊട്ടിയൂർ. ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള-മേയ് മാസം മദ്ധ്യത്തോടെ തുടങ്ങി ജൂൺ മദ്ധ്യത്തോടെ- 28 ദിവസങ്ങളിലായാണ് ഇവിടത്തെ ഉത്സവാഘോഷങ്ങൾ നടക്കുക. ദേവന്മാരുടെ ഉത്സവം,മനുഷ്യരുടെ ഉത്സവം, ഭൂതഗണങ്ങളുടെ ഉത്സവം എന്നിങ്ങനെ ഇവിടത്തെ ഉത്സവത്തിന് വകഭേദങ്ങളുണ്ട്. ഭഗവാൻ പരമശിവനെ അപമാനിക്കാൻ സതിയുടെ പിതാവായ ദക്ഷൻ യാഗം നടത്തിയ സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. കേരളത്തിൽ ശബരിമല കഴിഞ്ഞാൽ ഉൽസവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു. വടക്കൻ കാശി എന്നും ക്ഷേത്രത്തിന് പേരുണ്ട്. കണ്ണൂർ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല

ശങ്കരാചാര്യരാണ് ക്ഷേത്രത്തിലെ ഉത്സവചിട്ടകൾ ഏകീകരിച്ചത് എന്ന അവകാശവാദവും ചിലർ ഉന്നയിക്കുന്നുണ്ട്. മേടമാസം വിശാഖം നാളിൽ ഉത്സവത്തെകുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരിൽ പ്രാക്കൂഴം കൂടും. കൂടാതെ കൊട്ടിയൂരിൽ നിന്ന് പതിമൂന്നു കിലോമീറ്റർ അകലെയുള്ള മണത്തണയിലെ ശ്രീ പോർക്കലി ക്ഷേത്രത്തിനു അടുത്തുള്ള ആയില്യർ കാവിലും ആലോചന നടക്കും. ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോൾ പൂജകൾ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകൾ പൂർത്തിയാക്കിക്കൊണ്ടാണ്. നീരെഴുന്നള്ളത്ത് സംഘം ഇക്കരെ കൊട്ടിയൂരിൽനിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിൽ കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദഞ്ചേരിയിലെ കൂവപ്പാടത്ത് എത്തും. ഒറ്റപ്പിലാൻ എന്ന കുറിച്ച്യ സ്ഥാനികൻ, ജന്മാശാരി, പുറംകലയൻ എന്നീ അവകാശികൾ അവിടെ കാത്തുനിൽക്കും. കൂവയില പറിച്ചെടുത്ത് ബാവലിയിൽ സ്‌നാനം നടത്തി കൂവയിലയിൽ ബാവലിതീർഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തും. ബാവലിതീർഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും. നാട്ടിൻ പുറത്ത് പതിവായി പറഞ്ഞുകേൾക്കുന്ന ഐതീഹ്യത്തോട് സാമ്യമുളളത് തന്നെയാണ് ഇവിടത്തെയും ഐതീഹ്യം.

കുറിച്ച്യരുടെ വാസസ്ഥലമായി മാറിയ കൊട്ടിയൂരിൽ ഒരിക്കൽ ഒരു കുറിച്ച്യ യുവാവ് തന്റെ അമ്പിന്റെ മൂർച്ചകൂട്ടാനായി അവിടെ കണ്ട കല്ലിൽ ഉരച്ചപ്പോൾ ശിലയിൽ നിന്ന് രക്തം വാർന്നൊഴുകി. അത് അറിഞ്ഞെത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയെന്നാണ് വാമൊഴിയായി പ്രചരിച്ച ഐതീഹ്യം.
ഇടവത്തിലെ ചോതി നാളിൽ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നു വാൾ എഴുന്നള്ളത്ത് ഇക്കര കൊട്ടിയൂരിലെത്തും. സംഹാരരുദ്രനായ വീരഭദ്രൻ ദക്ഷന്റെ ശിരസ്സറുത്ത ശേഷം ചുഴറ്റിയെറിഞ്ഞ വാൾ ചെന്നു വീണ സ്ഥലമാണ് മുതിരേരി എന്നാണ് വിശ്വാസം. കുറ്റിയാടി ജാതിയൂർ മഠത്തിൽ നിന്നുള്ള അഗ്നിവരവ് പിന്നെയാണ്. വാൾ ഇക്കരെ ക്ഷേത്രത്തിൽ വച്ചശേഷം പടിഞ്ഞാറ്റെ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഗ്നി അക്കരെ ക്ഷേത്രത്തിലേക്ക് കൊണ്ടു പോകും. അക്കരെ ക്ഷേത്രത്തിൽ അഞ്ച് പരികർമ്മി്കൾ ചേർന്ന് പാതിപൂണ്യാഹം കഴിച്ച് ചോതി വിളക്ക് തെളിയിക്കും. ചോതി വിളക്ക് തയ്യാറാക്കുന്നത് മൂന്നു മൺതാ‍ലങ്ങളിൽ നെയ്യ് ഒഴിച്ചാണ് . രാവിലെ കോട്ടയം എരുവട്ടി ക്ഷേത്രത്തിൽനിന്നു് ഇതിനു വേണ്ട എണ്ണയും വിളക്കുതിരിയും കൊണ്ടുവരും. ഈ ചടങ്ങ് കഴിഞ്ഞാൽ “നാളം തുറക്കൽ എന്ന ചടങ്ങാണ്. ഉത്സവം തുടങ്ങുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ആ മണ്ണ് ഭക്തർക്ക് പ്രസാദമായി നല്കുകയും ചെയ്യും.

മൂന്നാം ദിവസമായ വൈശാഖത്തിൽ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്. ഭണ്ഡാരങ്ങൾ സൂക്ഷിക്കുന്നത് കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്ക്കൽ ഗോപുരത്തിലാണ്. മണത്തണ ഗ്രാമത്തിൽ നിന്ന് സ്വർണ്ണം, വെള്ളി പാത്രങ്ങളും ദൈവിക ആഭരണങ്ങളും ഒക്കെ കൊണ്ടുവരും. ഇവയുടെ സൂക്ഷിപ്പവകാശികളായ കുടവതികൾ, ഏഴില്ലക്കാർ തുടങ്ങിയ തറവാട്ടുകാർ അടിയന്തരം നടത്തുന്ന യോഗികളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിവരും. ഇതിനുശേഷമാണ് നെയ്യാട്ടം. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടു വരുന്നത്. തറ്റുടുത്ത്, ചൂരൽവള കഴുത്തിലണിഞ്ഞ് ചെറിയ തെരികയിൽ നെയ്ക്കുടം തലയിലേറ്റിയാണ് വരവ്. അതിനു ശേഷം മാത്രമേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കൂ.

നെയ്യാട്ടം കഴിഞ്ഞാൽ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകൾ എത്തിക്കുന്നത്. ഇതിനായി അവർ വിഷു മുതൽ വ്രതം ആരംഭിക്കുന്നു. കൂത്തുപറമ്പിനടുത്തുള്ള എരുവട്ടിക്കാവിൽ നിന്ന് എണ്ണയും ഇളനീരും വാദ്യാഘോഷങ്ങളോടെയാണ് എത്തിക്കുന്നത്. ഇതിന് നേതൃത്വം നല്കുന്നത് ഏരുവട്ടി തണ്ടയാനായിരിക്കും. ഇവർക്ക് കിരാത മൂർത്തിയുടെ അകമ്പടിയുണ്ടായിരിക്കും എന്നാണ് വിശ്വാസം. ഇവർ കൊട്ടിയൂരുള്ള മന്ദം ചേരിയിലെത്തി ഇളംനീർ വയ്ക്കാനുള്ള രാശി കാത്തിരിക്കുന്നു. ക്ഷേത്രത്തിലെ രാത്രി പൂജാകർമ്മങ്ങൾ കഴിഞ്ഞാൽ ഇളംനീർ വെപ്പിനുള്ള രാശി വിളിക്കും. ഇതോടെ ഭക്തന്മാർ സ്വയം മറന്ന് ഇളനീർ കാവോടുകൂടി ബാവലി പുഴയിൽ മുങ്ങി ക്ഷേത്രത്തിലേക്ക് ഓടുന്നു.. ആ ദിവസം ഭക്തർ ആയിരക്കണക്കിന് ഇളനീരുകൾ ശിവലിംഗത്തിനു മുമ്പിൽ സമർപ്പിക്കും. അതിന്റെ പിറ്റേ ദിവസം മേൽശാന്തി ഇളനീർ ശിവലിംഗത്തിനു മേൽ അഭിഷേകം ചെയ്യും. ഇത് ഇളനീരാട്ടം എന്നറിയുന്നു. ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവൻ കോപാകുലനായിരിക്കും, കോപം തണുക്കാൻ നീരഭിഷേകം, ഇളനീരഭിഷേകം, കളഭാഭിഷേകം എന്നിവ നിർത്താതെ ചെയ്തു കൊണ്ടിരിക്കും.

മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് രോഹിണി ആരാധന, അല്ലെങ്കിൽ ആലിഒംഗന പുഷ്പാഞജലി. വിഗ്രഹത്തെ കുറുമാത്തൂർ വലിയ നമ്പൂതിരിപ്പാട് ശൈവ സാന്ത്വനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും. പൂജകൻ ഇരുകൈകളാലും ചുറ്റി പിടിച്ചു വിഗ്രഹത്തിൽ തല ചേർത്തു നില്ക്കും. സതി നഷ്ടപ്പെട്ട പരമേശ്വരനെ ബ്രഹ്മാവ് സാന്ത്വനിപ്പിക്കുന്നതിന്റെ പ്രതീകമാണത്രേ ഈ ചടങ്ങ്. ഉത്സവത്തിന്റെ ഭാഗമായി രണ്ട് ആനകളുടെ പുറത്ത് ശിവനേയും പാർവതിയേയും എഴുന്നെളിയ്ക്കും മകം നാൾ മുതൽ സ്ത്രീകൾക്ക് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.

മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാന്മാതർ കൊട്ടിയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുമ്പോൾ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ് ഈ കലങ്ങൾ ഉപയോഗിച്ചാണ് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഢകർമ്മങ്ങൾ നടക്കുന്നത്. ഇത് കഴിഞ്ഞ് അത്തം നാളിൽ 1000 കുടം അഭിഷേക പൂജ. കലശപൂജയും ചിത്തിര നാളിൽ കലശലാട്ടവും നടക്കും. അതിനു മുൻപായി ശ്രീകോവിൽ പൊളിച്ച് മാറ്റുന്നു. അതു കഴിഞ്ഞ് കളഭാഭിഷേകം എന്ന പേരിലറിയപ്പെടുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കുന്നു. പിന്നെ അക്കരെ കൊട്ടിയൂരിൽ അടുത്ത വർഷത്തെ ഉത്സവം വരെ ആർക്കും പ്രവേശനമില്ല.

 

ഇവിടത്തെ പ്രസാദമാണ് ഓടപ്പൂവ്.ദക്ഷന്റെ താടിയുടെ പ്രതീകമാണത്. ഇത് കടകളിൽ നിന്നാണ് വാങ്ങുന്നത്, ക്ഷേത്രത്തിൽ നിന്നു തരുന്നതല്ല. ഉത്സവത്തിൽ പങ്കെടുക്കുന്നവർ വാങ്ങി വീട്ടിൽ കൊണ്ടുപോയി ഉമ്മറ വാതിലിലോ പൂജാമുറി വാതിലിലോ കെട്ടിത്തൂക്കും. ഒരു സീസണിൽ ഓടപ്പൂ നിർമ്മിച്ച് വില്പന നടത്തി മാത്രം ഒരു വർഷക്കാലം ജീവിക്കുന്ന കുടുംബങ്ങളുണ്ട്.
ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടീയൂർ എന്നാണ് വിശ്വാസം. പരമശിവനെ സതി വിവാഹം ചെയ്തത് ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷൻ പതിനാലു ലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും വീരഭദ്രൻ ജനിച്ചു. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി പറിച്ചെറിഞ്ഞ് ശിരസറുത്തു. ശിവൻ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാകാൻ പ്രാർത്ഥിച്ചു. ശാന്തനായ ശിവന് ദക്ഷനെ ജീവൻ നൽകി പുനരാനയിക്കാനായില്ല. ദക്ഷന്റെ തല അതിനിടയിൽ ചിതറി പോയിരുന്നു. പിന്നീട് ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനർജീവിപ്പിച്ചു. യാഗവും പൂർത്തിയാക്കി. പിന്നീട് ആ പ്രദേശം കടുത്ത വനമായിമാറി.


മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പർണ്ണശാലകളും കുടിലുകളും ചേർന്നതാണ് താൽക്കാലിക ക്ഷേത്രങ്ങൾ. ബാവലിയിൽ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയൽ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്.

ഉൽസവകലത്ത് 34 താൽക്കാലിക ഷെഡ്ഡുകൾ കെട്ടും. അമ്മാരക്കല്ലിന് മേൽക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്. തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം പ്രത്യേകതയുള്ളതാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ കണ്ണുകെട്ടിയാണ് ശയന പ്രദക്ഷിണം നടത്തുന്നത്. രാപ്പകൽ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ തിരുവടുപ്പുകളിൽ നിന്നു ചാരം നിത്യവും ശിവഭൂതങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം.

പ്രകൃതി പുരുഷ ദ്വന്ദത്തിന്റെ വിചിത്രമായ ആ വിഷ്കാരങ്ങളാണ് ഇവിടത്തെ ചടങ്ങുകൾ. പ്രകൃതിയോട് വളരെ ചേർന്നു നിൽക്കുന്ന ഉത്സവാഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്. വ്യത്യസ്ഥ ജാതികൾക്ക് ആചാരപരമായി ചടങ്ങുകളും അവകാശങ്ങളുമുള്ള ഉത്സവമാണെങ്കിലും ആഡ്യ വിഭാഗങ്ങൾക്ക് തന്നെയാണ് മേൽകൈ. വനവാസികൾ തൊട്ട് നമ്പൂതിരിമാർ വരെയുള്ള അവകാശികൾ ഇവിടെ അണിചേരും. ഉത്സവം നടത്താൻ ചുമതലക്കാരായ വിവിധ സമുദായക്കാർ ഒരേ സ്ഥലത്താണ് താമസിക്കുന്നത് .ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നത് വെള്ളത്തിലൂടെ നടന്നാണ് എന്ന പ്രത്യേകതയുണ്ട്. ബ്രാഹ്മണ സ്ത്രീകള്ക്ക് കൊട്ടിയൂരിൽ പ്രവേശനമില്ല. കൂടാതെ രാജകുമാരന്മാര്ക്കും ഇവിടെ പ്രവേശനമില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button