DISTRICT NEWS

വരും വർഷങ്ങളിലായി 40 ലക്ഷം കുടിവെള്ള കണക്ഷൻ കൂടി നൽകാൻ സാധിക്കും- മന്ത്രി റോഷി അഗസ്റ്റിൻ

വരും വർഷങ്ങളിലായി സംസ്ഥാനത്ത് 40 ലക്ഷം കുടിവെള്ള കണക്ഷൻ കൂടി നൽകാൻ സാധിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഭൂജലവകുപ്പിന്റെ നവീകരിച്ച റീജിയണൽ അനലറ്റിക്കൽ ലബോറട്ടറി കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുൻ വർഷങ്ങളിലായി 29 ലക്ഷം പേർക്ക് കണക്ഷൻ നൽകാൻ സാധിച്ചു. ശുദ്ധമായ ജലം ഉറപ്പു വരുത്താനും പാഴാകാതിരിക്കാനും സാധിക്കണം. എല്ലാവർക്കും ശുദ്ധജലം ലഭിക്കാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ ഏറ്റവും അനിവാര്യമായ പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.

നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച ലബോറട്ടറിയുടെ നവീകരണം സർക്കാറിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്. ഭൂജലവകുപ്പ് ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി മൂന്ന് മേഖലകളിലായി ഇത്തരത്തിലുള്ള പരിശോധനാ ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ 2005 ൽ റീജിയണൽ അനലറ്റിക്കൽ ലാബ് പ്രവർത്തനമാരംഭിച്ചിരുന്നു. ഇവിടുത്തെ സ്ഥല പരിമിതി മൂലമാണ് കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ ലാബ് പ്രവർത്തിപ്പിക്കുന്നതിന് സൗകര്യമൊരുക്കിയത്. കുടിവെള്ളത്തിന് ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന കിണർ ജലം മലിനമാകുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനും പ്രതിരോധ നടപടികൾ ഉറപ്പുവരുത്തുന്നതിനും ലാബ് ഏറെ സഹായകമാവും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം. ധനീഷ് ലാൽ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ എ. അലവി, പി. കൗലത്ത്, എ.ഡി.എം മുഹമ്മദ് റഫീഖ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി. സാമുവൽ സ്വാഗതവും റീജിയണൽ അനലറ്റിക്കൽ ലാബ് എക്സിക്യൂട്ടീവ് കെമിസ്റ്റ് ഡോ. ഹേമ സി. നായർ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button