DISTRICT NEWS

റോഡില്‍ അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നല്‍കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

 

തിരുവനന്തപുരം: റോഡില്‍ അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നല്‍കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആളുകളെ ഇടിച്ചിടുന്നവര്‍ക്ക് പരുക്കേറ്റവരുടെ പരിചരണത്തിന്റെ ചുമതല നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്. പദ്ധതി നിര്‍ദ്ദേശങ്ങളുടെ ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ശുപാര്‍ശ പ്രകാരം പരുക്കേറ്റ് ദീര്‍ഘ നാളായി കിടപ്പിലായ വ്യക്തിയെ ഒരാഴ്ചയെങ്കിലും നേരിട്ട് പരിചരിച്ചതിന്റെ തെളിവുകള്‍ ഇടിച്ചയാള്‍ ഹാജരാക്കണം. എങ്കില്‍ മാത്രമേ ലൈസന്‍സിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയുള്ളൂ.

അപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘ നാളായി കിടപ്പിലായവരുടെ പട്ടിക ആശുപത്രികളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും വകുപ്പ് ശേഖരിക്കും. അതിനു ശേഷം ഇടിച്ചിട്ടവരെ കിടപ്പിലായവരുടെ വീട്ടിലേക്കോ ചികിത്സാ കേന്ദ്രങ്ങളിലേക്കോ അവരുടെ അനുമതിയോടെ അയക്കാനാണ് നിര്‍ദ്ദേശം. താന്‍ കാരണം കിടപ്പിലായ ആളുടെ അവസ്ഥ കണ്ട് ഡ്രൈവര്‍ക്ക് പശ്ചാത്താപം തോന്നുകയും റോഡിലെ അഭ്യാസം നിര്‍ത്തുമെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രതീക്ഷ.

പ്രതിവര്‍ഷം കേരളത്തില്‍ 42,000 വാഹനാപകടങ്ങള്‍ ഉണ്ടാവുന്നെന്നാണ് കണക്ക്. ഗുരതര പരുക്കേറ്റ് കിടപ്പിലാവുന്നവരുടെ എണ്ണം 20,000 ത്തോളമാണ്. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നീക്കം. നിലവില്‍ മദ്യപിച്ചും അമിത വേഗതയിലും വാഹനമോടിച്ച് അപകടം വരുത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യുന്നതാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button