Uncategorized

കെ സ്വിഫ്റ്റില്‍ കെ എസ്ആര്‍ടിസി ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായുള്ള കെ സ്വിഫ്റ്റ് ബസുകളില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരും വോള്‍വോ ബസ്സുകളില്‍ പരിശീലനം നേടിയിട്ടുള്ളതുമായ ഡ്രൈവര്‍മാരെയാണ് കെ സ്വിഫ്റ്റില്‍ നിയമിക്കുന്നതിന് കോര്‍പ്പറേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ കെ സ്വിഫ്റ്റിലെ സേവന വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്നുള്ള സമ്മതപത്രം നല്‍കണം.

താല്‍പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂണ്‍ 10ന് മുമ്പ് ചീഫ് ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടറായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് കെ സ്വിഫ്റ്റിലെ രണ്ട് ഡ്രൈവര്‍മാരില്‍ ഒരു ഡ്രൈവറായി നിയമിക്കുന്നത്. നിവലില്‍ കരാര്‍ അടിസ്ഥാനത്തിലാണ് കെ സ്വിഫ്റ്റില്‍ നിയമനം നടത്തുന്നത്. രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെയാണ് ഓരോ കെ സ്വിഫ്റ്റ് ബസ്സിലും നിയമിച്ചത്.

കെഎസ്ആര്‍ടിസിയിലെ വേതന വ്യവസ്ഥയും കെ സ്വിഫ്റ്റിലെ യൂണിഫോമുമായിരിക്കും പുതിയ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുക. കെ സ്വിഫ്റ്റ് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരെ കൂടി നിയമിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. യൂണിയനുകളും ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.

കോഴിക്കോട് ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ കെ സ്വിഫ്റ്റ് കുടുങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവരായിരുന്നു ബസ് പുറത്തെടുത്തത്. കെ സ്വിഫ്റ്റിലെ വേതന വ്യവസ്ഥകള്‍ കെഎസ്ആര്‍ടിസിലേതു തന്നെ ആയതിനാല്‍ ഡ്രൈവര്‍മാരുടെ താല്‍പര്യം കുറയ്ക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഒന്നാം തിയതി തന്നെ ശമ്പളം ലഭിക്കുമെന്നത് ആകര്‍ഷകമായ ഘടകമാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button