CALICUTMAIN HEADLINES

ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ദുരന്തനിവാരണ കര്‍മ്മ സേന രൂപീകരിക്കും; ജില്ലാ കലക്ടര്‍

പ്രളയ അതിജീവനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ദുരന്തനിവാരണ കര്‍മ്മ സേന രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. ‘പ്രളയ അതിജീവനം’ അധ്യാപക ശില്‍പശാല നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളിലും അവബോധം ഉണ്ടാകണം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനമാണ്. ജില്ലയില്‍ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധിയാളുകള്‍ മാനസികമായും സാമ്പത്തികമായും പ്രശ്നമനുഭവിക്കുകയാണ്. ഇവരെ കണ്ടെത്തി സാന്ത്വനം നല്‍കാന്‍ നമുക്ക് കഴിയണം.
ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അപകടാവസ്ഥയിലുള്ള സ്‌കൂള്‍ നില്‍ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍, കരിയര്‍ ഗൈഡന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, എന്‍ എസ് എസ്, സൗഹൃദ കോര്‍ഡിനേറ്റര്‍മാരെയും ഏകോപിപ്പിച്ച് കൊണ്ട് പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന് ലക്ഷ്യമിട്ടാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ ചെയര്‍മാനായുള്ള ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഫയര്‍ ആന്റ് റസ്‌ക്യു, നിംഹാന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കോഴിക്കോട് ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നത്.
ഹയര്‍ സെക്കന്‍ഡറി ആര്‍ഡിഡി കെ ഗോകുലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രളയാനന്തര ജലജന്യരോഗ വ്യാപനത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീയും  മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നിംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാറും അഗ്നിശമന രക്ഷാസേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോഴിക്കോട് സ്റ്റേഷന്‍ ഓഫീസര്‍ പി. അജിത്ത് കുമാറും ക്ലാസെടുത്തു. ഡപ്യൂട്ടി കളക്ടര്‍ സി ബിജു, അഡി. ഡിഎംഒ ഡോ. ആശാദേവി, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഡോ. എ നവീന്‍, എന്‍എസ്എസ് ജില്ലാ ജോ. കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ദുരന്തമുഖത്ത പെട്ടവരെ  രക്ഷിക്കുന്ന വിധത്തെക്കുറിച്ച് അഗ്നിശമന രക്ഷാസേന ഡെമോണ്‍സ്ട്രേഷനും നടത്തി. ഹയര്‍ സെക്കന്ററി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് വി ശ്രീജന്‍ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button