മോട്ടർ വാഹന വകുപ്പിന്റെ വാഹനനിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പ്രവർത്തനക്ഷമമായി
തിരുവനന്തപുരം : മോട്ടർ വാഹന വകുപ്പിന്റെ വാഹനനിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പ്രവർത്തനക്ഷമമായെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനയാത്രയ്ക്കിടെ അസ്വാഭാവിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അടിയന്തര സന്ദേശം എത്തിക്കുന്ന സംവിധാനമാണിത്. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസിൽ (വിഎൽടിഡി) നിന്നാകും സന്ദേശമെത്തുക. വാഹനം അപകടത്തിൽപെട്ടാലോ ഡ്രൈവർ അമിതവേഗത്തിൽ ഓടിച്ചാലോ എസ്എംഎസ്, ഇ-മെയിൽ അലർട്ട് ലഭിക്കും.
ഉപകരണം ഘടിപ്പിക്കുമ്പോൾ നൽകുന്ന മൊബൈൽ നമ്പറിലും ഇ-മെയിൽ ഐഡിയിലും ആകും അലർട്ട് എത്തുന്നത്. നമ്പറും ഇ-മെയിൽ ഐഡിയും മാറിയാൽ [email protected] എന്ന ഇ-മെയിലിൽ അറിയിച്ച് തിരുത്തൽ വരുത്താം.
കേന്ദ്രസർക്കാരിന്റെ നിർഭയ പദ്ധതി പ്രകാരമാണു മോട്ടർ വാഹന വകുപ്പ് സുരക്ഷാ-മിത്ര സംവിധാനമൊരുക്കിയത്. 2.38 ലക്ഷം വാഹനങ്ങളിൽ ഉപകരണങ്ങൾ ഘടിപ്പിച്ചു. വാഹനഉടമകൾ ഇതു പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.