CRIME

ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ: ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

ആലപ്പുഴ: പോലീസ് ക്വാട്ടേഴ്‌സിലെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ഭർത്താവായ  പൊലീസുകാരൻ റെനീസിന്റെ കാമുകി ഷഹാനെയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദ്ദം ചെലുത്തി. നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കിൽ ഭാര്യയായി താമസിക്കാൻ നിർബന്ധിച്ചു. 6 മാസം മുമ്പ് ഫ്ളാറ്റിൽ എത്തി നജ്‌ലയെ ഭീഷണിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി വഴക്കുണ്ടാക്കിയിരുന്നു എന്ന് കണ്ടെത്തി.

കേസിൽ നേരത്തെ നജ്ലയുടെ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര കുറ്റങ്ങൾ  ചുമത്തിയിരുന്നു. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നായിരുന്നു കണ്ടെത്തൽ. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. 

പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഷഹാനയെ കല്യാണം കഴിക്കാന്‍ നജ്‌ലയില്‍ റെനീസ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. റെനീസിന്‍റ മാനസിക ശാരിര പീഡനങ്ങളാണ് നജ്ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലായിരുന്നു റനീസിന് ജോലി. സംഭവ ദിവസത്തിന് തലേന്ന് രാത്രി എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജില ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മകൻ ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button