കൊയിലാണ്ടി താലൂക്കിൽ സ്കൂളുകൾ മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കണമെന്ന് താലൂക്ക് വികസന സമിതി
കൊയിലാണ്ടി: താലൂക്കിൽ സ്കൂളുകൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യമുയർന്നു. ഈ വിഷയം ചർച്ച ചെയ്യാൻ തഹസിൽദാരുടെ അദ്ധ്യക്ഷതയിൽ പ്രത്യേകം യോഗം ചേരാനും തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ കൊയിലാണ്ടി നഗരസഭയിൽ ഈ മാസം തന്നെ യോഗം ചേരാനും തീരുമാനമായി.
താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല അദ്ധ്യക്ഷയായിരുന്നു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ കെ പി സുധ, ബാലുശ്ശേരി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ അനിത, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, മറ്റ് ജനപ്രതിനിധികൾ, സമിതി അംഗങ്ങൾ, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ സി പി മണി സ്വാഗതം പറഞ്ഞു. യോഗത്തിൽ തിക്കോടി വില്ലേജിലെ അകലാപ്പുഴയിൽ അനധികൃത ബോട്ട് സർവ്വീസ്, പുഴക്കയ്യേറ്റം എന്നിവ നടക്കുന്നതായി ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കക്ഷികളെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന ആവശ്യം താലൂക്ക് സഭയിൽ ഉയർന്നു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യമുയർന്നു. ദേശീയപാത നിർമ്മാണത്തിനിടയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി ചെയ്യണമെന്ന് ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെടാനും തീരുമാനിച്ചു. സർക്കാരിന്റെ വിവിധ വകുപ്പുകളുട സേവനങ്ങൾ ഓൺലൈൻ വഴി ആയതിനാൽ ഇതിൽ പൊതുജനത്തിന് അവബോധം സൃഷ്ടിക്കാനുള്ള ഇ സാക്ഷരതാ ക്ലാസുകൾ എല്ലാ വില്ലേജുകളിലും നടത്താനും തീരുമാനമായി.