സജി ചെറിയാന്‍ രാജി വച്ചു
ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് സജി ചെറിയാന്‍ കെെമാറി. സിപിഐഎം നിര്‍ദേശപ്രകാരമാണ് സജി ചെറിയാന്റെ രാജി. രണ്ടാം പിണറായി മന്ത്രിസഭയിലെ ആദ്യ രാജിയാണ് സജി ചെറിയാന്റേത്.
ഭരണഘടനാ ലംഘന പരാമര്‍ശത്തില്‍ സജി ചെറിയാനെ പിന്തുണയ്ക്കാതെ സിപിഐഎം കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിലെ നിലപാട് വ്യക്തമാക്കിയില്ല. സംസ്ഥാനത്തെ നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കട്ടെയെന്നാണ് യെച്ചൂരി പ്രതികരിച്ചത്. സംസ്ഥാന നേതാക്കളുമായി താന്‍ സംസാരിച്ചെന്നും ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകും എന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ രാജി പ്രഖ്യാപിച്ചത്
പരാമര്‍ശങ്ങളില്‍ മന്ത്രി മിതത്വം പാലിക്കേണ്ടതായിരുന്നെന്നും പ്രതിപക്ഷത്തിന് അനാവശ്യമായി ആയുധം നല്‍കിയെന്നും ഇന്നത്തെ സിപിഐഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തനിക്ക് നാക്ക് പിഴയാണ് സംഭവിച്ചതെന്ന് മന്ത്രി സെക്രട്ടറിയേറ്റില്‍ വിശദീകരിച്ചു. ഭരണഘടനയെ അല്ല ഭരണകൂടത്തെ വിമര്‍ശിക്കാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. യോഗത്തിനു ശേഷം പുറത്തിറങ്ങിയ മന്ത്രിയോട് രാജിവെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്ന് മറുചോദ്യമാണ് മന്ത്രി ചോദിച്ചത്.
ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.